കൊച്ചി: കൊച്ചി മെട്രോ എസ്എൻ ജങ്ഷൻ മുതൽ തൃപ്പുണിത്തുറ വരെയുള്ള പരീക്ഷണ ഓട്ടം ഇന്ന് മുതൽ തുടങ്ങും. കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്‌റ്റേഷനാണ് തൃപ്പുണിത്തുറ. ഇന്ന് രാത്രിയാണ് രാജ നഗരിയിലേക്ക് മെട്രോയുടെ പരീക്ഷണ ഓട്ടം. എസ്എൻ ജങ്ഷനിൽ നിന്ന് തൃപ്പുണിത്തുറ സ്‌റ്റേഷൻ വരെയുള്ള 1.18 കിലോമീറ്ററിന്റെ നിർമാണ പ്രവർത്തനമാണ് അവസാന ഘട്ടത്തിൽ എത്തിനിൽക്കുന്നത്.
കൊച്ചിയുടെ ഗതാഗതത്തിന് നാഴിക കല്ലായ കൊച്ചി മെട്രോ, പുതിയ ദൂരങ്ങൾ താണ്ടാൻ ഒരുങ്ങുകയാണ്. ആലുവയിൽ നിന്ന് തുടങ്ങി 24 സ്‌റ്റേഷനുകൾ പിന്നിട്ട് 25ആംമത്തേയും ഒന്നാംഘട്ടത്തിലെ ഒടുവിലത്തേതുമായ മെട്രോ സ്‌റ്റേഷനാണ് തൃപ്പുണ്ണിത്തുറയിൽ ഒരുങ്ങുന്നത്. എസ്എൻ ജങ്ഷനിൽ നിന്ന് തൃപ്പുണിത്തുറ ടെർമിനൽ വരെയുള്ള ദൂരം പാളങ്ങൾ ഒരുങ്ങി കഴിഞ്ഞു. സിഗ്‌നലിങ്, ടെലികോം, ട്രാക്ഷൻ ജോലികളും പൂർത്തിയായിട്ടുണ്ട്.
രാത്രി 11.30ന് ആണ് റൂട്ടിലെ പരീക്ഷണ ഓട്ടം. തൃപ്പുണിത്തുറ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് നടന്നുപോകാനുള്ള അകലത്തിലാണ് മെട്രോ സ്‌റ്റേഷൻ ഉള്ളത്. ഇത് കൊച്ചി മെട്രോയുടെ പ്രതീക്ഷകൾ വർധിപ്പിക്കും. തൃപ്പുണ്ണിത്തുറയിലേക്കുള്ള സ്‌ഥിരം സർവീസ് ആരംഭിക്കുന്നതോടെ നഗരത്തിലേക്ക് യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനയാണ് കണക്കാക്കുന്നത്.
2002ലാണ് തൃപ്പുണിത്തുറ സ്‌റ്റേഷന്റെ നിർമാണത്തിന് തുടക്കമായത്. ആലുവ മുതൽ തൃപ്പുണിത്തുറ സ്‌റ്റേഷൻ വരെ 25 സ്‌റ്റേഷനുകളുമായി 28.125 കിലോമീറ്റർ ദൈർഘ്യമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിൽ പിന്നിടുന്നത്. ജനുവരി ആദ്യവാരം സേഫ്‌റ്റി കമ്മീഷണറുടെ പരിശോധന കൂടി നടത്തിയ ശേഷം, ജനുവരിയിൽ ആദ്യ സർവീസുകൾ ആരംഭിക്കും. എസ്എൻ ജങ്ഷൻ മെട്രോ സ്‌റ്റേഷനിൽ നിന്ന് ആരംഭിച്ചു മിൽമ പ്ളാന്റിന് മുന്നിലൂടെ റെയിൽവേ മേൽപ്പാലം മുറിച്ചുകടന്ന് റെയിൽവേപ്പാതക്ക് പടിഞ്ഞാറു ഭാഗത്തു കൂടിയാണ് മെട്രോ ലൈൻ ടെർമിനലിലേക്ക് നീളുന്നത്. 356 കോടിയാണ് ചിലവ്.
Most Read| ലോകത്തിലെ ഏറ്റവും ശക്‌തയായ വനിത; ഫോബ്‌സ് പട്ടികയിൽ വീണ്ടും നിർമല സീതാരാമൻ