ന്യൂഡെൽഹി: ലോകത്തിലെ ഏറ്റവും ശക്‌തയായ വനിതകളുടെ പട്ടികയിൽ വീണ്ടും ഇടം പിടിച്ചു കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. അമേരിക്കൻ ബിസിനസ് മാസിക ഫോബ്‌സ്, പുറത്തിറക്കിയ പട്ടികയിലാണ് 2023ലെ ശക്‌തയായ സ്‌ത്രീകളുടെ പട്ടികയിൽ നിർമല സീതാരാമനും ഇടംപിടിച്ചത്. നിർമല സീതാരാമൻ കൂടാതെ, ഇന്ത്യയിൽ നിന്ന് മൂന്ന് പേർ കൂടി പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
പട്ടികയിൽ 32ആം സ്‌ഥാനത്ത് ആണ് നിർമല സീതാരാമൻ. എച്ച്സിഎൽ കോർപ്പറേഷന്റെ സിഇഒ റോഷ്‌നി നാടാർ മൽഹോത്ര 60ആം സ്‌ഥാനത്തും, സ്‌റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയർപേഴ്‌സൺ സോമ മൊണ്ടൽ 70ആം സ്‌ഥാനത്തും, ബയോകോൺ സ്‌ഥാപക കിരൺ മജുംദാർ 76ആം സ്‌ഥാനത്തുമുണ്ട്.
യൂറോപ്യൻ കമ്മീഷൻ മേധാവി ഉർസുല വോൺ ഡെർ ലെയ്‌ൻ ആണ് പട്ടികയിൽ ഒന്നാം സ്‌ഥാനത്തുള്ളത്. യൂറോപ്യൻ സെൻട്രൽ ബാങ്ക് മേധാവി ക്രിസ്‌റ്റീൻ ലഗാർഡെ രണ്ടാം സ്‌ഥാനത്തും യുഎസ് വൈസ് പ്രസിഡണ്ട് കമല ഹാരിസ് മൂന്നാം സ്‌ഥാനത്തും എത്തി.
2019 മെയ് മാസത്തിലാണ് നിർമലാ സീതാരാമൻ രാജ്യത്തിന്റെ ധനമന്ത്രിയാകുന്നത്. രാഷ്‌ട്രീയത്തിലേക്ക് എത്തുന്നതിന് മുൻപ് അവർ യുകെയിലെ അഗ്രികൾച്ചർ എഞ്ചിനീയേഴ്‌സ് അസോസിയേഷനിലും ബിബിസി വേൾഡ് സർവീസിലും ജോലി ചെയ്‌തിട്ടുണ്ട്. ദേശീയ വനിതാ കമ്മീഷൻ അംഗമായും നിർമലാ സീതാരാമൻ പ്രവർത്തിച്ചിട്ടുണ്ട്. ഇത് അഞ്ചാം തവണയാണ് നിർമല സീതാരാമൻ പട്ടികയിൽ ഇടം നേടുന്നത്.
Most Read| നിക്ഷേപ, വായ്‌പാ തട്ടിപ്പ്; നൂറിലധികം ചൈനീസ് വെബ്സൈറ്റുകൾ നിരോധിച്ചു കേന്ദ്രം