ന്യൂഡെൽഹി: ഇന്ത്യൻ പൗരൻമാരെ ലക്ഷ്യംവെക്കുന്ന നൂറിലധികം നിക്ഷേപ, വായ്‌പാ തട്ടിപ്പ് ചൈനീസ് വെബ്സൈറ്റുകൾ നിരോധിച്ചു കേന്ദ്ര സർക്കാർ. ഇത്തരത്തിൽ ചൈനീസ് ഒറിജിൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന 100 വെബ്സൈറ്റുകൾ ഇതിനോടകം കേന്ദ്ര ഐടി മന്ത്രാലയം ബ്ളോക്ക് ചെയ്‌തു. കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയമാണ് ഇക്കാര്യം വാർത്താ കുറിപ്പിലൂടെ അറിയിച്ചത്.
നിക്ഷേപത്തട്ടിപ്പ്, പാർട്ട് ടൈം ജോലി തട്ടിപ്പ് തുടങ്ങിയവയിൽ ഏർപ്പെടുന്ന നൂറിലധികം വെബ്‌സൈറ്റുകൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അവരുടെ നാഷണൽ സൈബർ ക്രൈം ത്രെറ്റ് അനലിറ്റിക്‌സ് യൂണിറ്റ് മുഖാന്തരം തിരിച്ചറിഞ്ഞെന്നും ബ്ളോക്ക് ചെയ്യാൻ ശുപാർശ ചെയ്‌തെന്നും വാർത്താ കുറിപ്പിൽ പറയുന്നു. ഇത്തരം വെബ്‌സൈറ്റുകളെ നിരോധിക്കാനുള്ള തങ്ങളുടെ അധികാരം ഉപയോഗപ്പെടുത്തി, ഡിസംബർ ആറിന് ഇവയെ നിരോധിച്ചതായും മന്ത്രാലയം വ്യക്‌തമാക്കുന്നു.
വിദേശ ബന്ധമുള്ള കൂടുതൽ ആപ്പുകൾ ബ്ളോക്ക് ചെയ്യുന്ന നടപടികളും ആരംഭിച്ചിട്ടുണ്ട്. വ്യത്യസ്‌ത ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കുകയും പണമൊഴുക്ക് മനസിലാക്കാൻ സാധിക്കാത്ത രീതിയിൽ പ്രവർത്തിക്കുന്നതുമായ സൈറ്റുകൾക്ക് എതിരേയുമാണ് പ്രധാനമായും നടപടി സ്വീകരിച്ചിരിക്കുന്നത്. ഇത്തരം വ്യാജ സൈറ്റുകൾ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്‌ഥയെ തകർക്കുന്നതായുള്ള കണ്ടെത്തലിനെ തുടർന്നാണ് നടപടി.
ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളാണ് ഈ വെബ്‌സൈറ്റുകൾക്ക് ഉണ്ടായിരുന്നത്. അന്വേഷണ ഏജൻസികളെ കബളിപ്പിക്കുന്നതിന്റെ ഭാഗമായി ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് എന്ന വിധത്തിൽ പണം മാറ്റുകയും ചെയ്‌തിരുന്നു. പണം അവസാനം ക്രിപ്‌റ്റോ കറൻസിയാക്കി മാറ്റുകയാണ് ചെയ്‌തിരുന്നത്. ഇത്തരത്തിൽ നടന്ന വലിയൊരു തട്ടിപ്പ് ഹൈദരാബാദ് പോലീസ് കണ്ടെത്തിയിരുന്നു. ഏകദേശം 712 കോടി രൂപയോളമാണ് ചൈനയിൽ നിന്നുള്ള തട്ടിപ്പ് സംഘം കവർന്നത്. ടെലഗ്രാം ആപ്പിലൂടെ പാർട്ട് ടൈം ജോലി വാഗ്‌ദാനം ചെയ്‌താണ് ഇവർ പണം തട്ടിയത്. വാട്‍സ് ആപ് മുഖാന്തിരവും ഇത്തരം തട്ടിപ്പുകൾ നടക്കുന്നുണ്ട്.
Vanitha | മാതൃയാനം പദ്ധതി; പ്രസവശേഷം അമ്മയും കുഞ്ഞും ഇനി സുരക്ഷിതമായി വീട്ടിലേക്ക്