കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള പ്രതിഷേധത്തിൽ നിന്ന് പിൻമാറാതെ എസ്എഫ്ഐ. കണ്ണൂർ പയ്യാമ്പലം ബീച്ചിൽ പ്രതിഷേധ സൂചകമായി ഇന്ന് ഗവർണറുടെ കോലം കത്തിച്ചു. ബീച്ചിൽ 30 അടി ഉയരത്തിൽ സ്ഥാപിച്ച പാപ്പാത്തി മാതൃകയിലുള്ള കോലമാണ് കത്തിച്ചത്. സർവകലാശാലകളെ കാവിവൽക്കരിക്കാൻ ഗവർണർ ശ്രമിക്കുന്നുവെന്ന് ആരോപിച്ചു വലിയ പ്രതിഷേധമാണ് എസ്എഫ്ഐ ഉയർത്തുന്നത്.
ഗവർണർക്കെതിരെ സർവകലാശാലകളിൽ ഉടനീളം എസ്എഫ്ഐ ബാനറുകൾ ഉയർത്തി. ഗവർണർ സഞ്ചരിക്കുന്ന വഴിയിലുടനീളം പ്രതിഷേധം സംഘടിപ്പിച്ചു. ഇതിന്റെ തുടർച്ചയാണ് ഇന്നത്തെ കോലം കത്തിക്കലും. കഴിഞ്ഞ വ്യാഴാഴ്ചയും ഡെൽഹിയിൽ നിന്ന് കേരളത്തിലെത്തിയ ഗവർണർക്ക് നേരെ എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധം നടത്തിയിരുന്നു. കരിങ്കൊടി പ്രതിഷേധമാണ് നടത്തിയത്.
വിമാനത്താവളത്തിൽ നിന്ന് രാജ്ഭവനിലേക്കുള്ള യാത്രക്കിടെ ജനറൽ ആശുപത്രി ജങ്ഷന് സമീപത്തായിരുന്നു പ്രതിഷേധം. നാല് എസ്എഫ്ഐ പ്രവർത്തകർ ഗവർണറുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ കരിങ്കൊടി വീശുകയായിരുന്നു. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ തലേന്നും തനിക്കെതിരെ എസ്എഫ്ഐ നടത്തിയ പ്രതിഷേധത്തിൽ ഗവർണർ അസ്വസ്ഥനായിരുന്നു. വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനോട് ഗവർണർ കാട്ടിയ പിണക്കത്തിന് പിന്നിലും ഇതാണെന്ന് സൂചനയുണ്ട്.
Most Read| മുടിക്ക് ഇത്രേം നീളമോ! ലോക റെക്കോർഡ് സ്വന്തമാക്കി ഇന്ത്യക്കാരി








































