ന്യൂഡെൽഹി: അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാവിലെ അയോധ്യയിലെത്തും. രാവിലെ 10.25ന് അയോധ്യയിലെ ഹെലിപാഡിൽ ഇറങ്ങുന്ന മോദി, 10.55ന് രാമക്ഷേത്രത്തിലെത്തും. പ്രധാനമന്ത്രി ഇന്ന് വൈകിട്ട് അയോധ്യയിൽ എത്തുമെന്നായിരുന്നു നേരത്തെയുള്ള വിവരം.
പ്രാണപ്രതിഷ്ഠാ ചടങ്ങിനുള്ള ഒരുക്കങ്ങളെല്ലാം ഇതിനകം പൂർത്തിയായി. പഴുതടച്ച സുരക്ഷാ ക്രമീകരണത്തിലാണ് അയോധ്യ. ക്ഷണിക്കപ്പെട്ട അതിഥികളും തീർഥാടകരും ക്ഷേത്രനഗരിയിൽ എത്തിത്തുടങ്ങി. പ്രവേശന പാസോ ക്ഷണക്കത്തോ ഇല്ലാത്തവരെ ഇന്ന് മുതൽ ക്ഷേത്ര പരിസരത്ത് പ്രവേശിപ്പിക്കില്ല. നാളെ പ്രാണപ്രതിഷ്ഠാ ചടങ്ങ് കഴിഞ്ഞു പ്രധാനമന്ത്രി മടങ്ങുന്നതുവരെ കർശന നിയന്ത്രണങ്ങൾ തുടരും.
അതിഥികളോട് രാവിലെ 11ന് മുമ്പായി എത്തിച്ചേരാൻ നിർദ്ദേശിച്ചിട്ടുണ്ട്. 11.30 മുതൽ 12.30 വരെ ഒരു മണിക്കൂറോളമാണ് പ്രാണപ്രതിഷ്ഠാ ചടങ്ങ്. 12.30ന് പ്രധാനമന്ത്രി അതിഥികളെ അഭിസംബോധന ചെയ്യും. പതിനായിരത്തിലേറെ പോലീസുകാരെയാണ് സുരക്ഷയ്ക്ക് നിയോഗിച്ചിരിക്കുന്നത്. ദീപാലങ്കാരങ്ങളും വിവിധ പരിപാടികളുമായി ഉൽസവാന്തരീക്ഷമാണ് അയോധ്യയിലെങ്ങും. ചടങ്ങിനോട് അനുബന്ധിച്ചു ഡെൽഹിയിലെ എയിംസ് ഉൾപ്പടെയുള്ള പ്രധാന ആശുപത്രികൾക്കെല്ലാം നാളെ ഉച്ചക്ക് രണ്ടുവരെ അവധി നൽകിയിട്ടുണ്ട്.
Most Read| ഇന്ത്യയിയുടെ എയർ ആംബുലൻസ് മാലദ്വീപ് പ്രസിഡണ്ട് വിലക്കിയെന്ന് ആരോപണം; 14-കാരൻ മരിച്ചു








































