മോസ്കോ: റഷ്യൻ സൈനിക വിമാനം തകർന്ന് വീണുണ്ടായ അപകടത്തിൽ 65 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്. യുക്രൈൻ അതിർത്തിയോട് ചേർന്നുള്ള സതേൺ ബെൽഗോറോദ് പ്രവിശ്യയിലാണ് അപകടമുണ്ടായത്. വിമാനത്തിലെ ജീവനക്കാരും യാത്രക്കാരും ഉൾപ്പടെ മുഴുവൻ പേരും കൊല്ലപ്പെട്ടതായി റഷ്യൻ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ചു വാർത്താ ഏജൻസികൾ റിപ്പോർട് ചെയ്യുന്നു.
യുക്രൈനെതിരായ യുദ്ധത്തിനിടെ റഷ്യൻ സൈന്യം പിടികൂടിയ യുക്രൈൻ സായുധ സേനാംഗങ്ങൾ ഉൾപ്പടെ വിമാനത്തിൽ ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. വിമാനത്തിൽ ഉണ്ടായിരുന്ന 65 പേരിൽ ആറുപേർ വിമാന ജീവനക്കാരും മൂന്ന് പേർ സുരക്ഷാ ഉദ്യോഗസ്ഥരുമാണ്. ശേഷിക്കുന്ന 56 പേരും യുദ്ധത്തടവുകാരായി പിടിക്കപ്പെട്ട യുക്രൈൻ സൈനികരാണെന്നാണ് വിവരം.
വിമാനം അപകടത്തിൽപ്പെടാനിടയായ സാഹചര്യം വ്യക്തമല്ല. സൈന്യത്തിന്റെ പ്രത്യേക സംഘം അപകട സ്ഥലത്തേക്ക് പുറപ്പെട്ടതായി അധികൃതർ അറിയിച്ചു. പ്രവിശ്യയിലെ യാബ്ളോനോവോ ഗ്രാമത്തിന് സമീപം ഒരു വിമാനം വലിയ സ്ഫോടന ശബ്ദത്തോടെ താഴേക്ക് പതിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Most Read| ‘ഇന്ത്യ’ സഖ്യത്തിന് കനത്ത തിരിച്ചടി; ബംഗാളിൽ ഒറ്റയ്ക്ക് മൽസരിക്കുമെന്ന് മമത ബാനർജി








































