കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ പ്രതികളുടെ നിർണായക മൊഴി പുറത്ത്. പ്രധാനപ്രതി സിൻജോ ജോൺസണാണ് മൃഗീയമായി സിദ്ധാർഥനെ മർദ്ദിച്ചത്. സിൻജോ കരാട്ടെ ബ്ളാക്ക് ബെൽറ്റ് ആണെന്ന് പോലീസ് അറിയിച്ചു.
കൈവിരലുകൾ കൊണ്ട് സിൻജോ സിദ്ധാർഥന്റെ കണ്ഠനാളം അമർത്തിയതോടെ സിദ്ധാർഥന് വെള്ളം പോലും ഇറക്കാൻ കഴിയാത്ത അവസ്ഥയായി. സിൻജോ ജോൺസൻ അഭ്യാസ മികവ് മുഴുവൻ സിദ്ധാർഥന് മേൽ പ്രയോഗിച്ചു. ഒറ്റ ചവിട്ടിന് താഴെയിട്ടു. പോസ്റ്റുമോർട്ടം റിപ്പോർട് പ്രകാരം സിദ്ധാർഥൻ ഭക്ഷണവും വെള്ളവും കഴിക്കാതെ അവശനായിരുന്നു.
ആൾക്കൂട്ട വിചാരണ പ്ളാൻ ചെയ്തതും സിൻജോ ആണെന്നാണ് പുറത്തുവരുന്ന വിവരം. സംഭവം പുറത്തു പറഞ്ഞാൽ തലയുണ്ടാവില്ലെന്ന് സിൻജോ മറ്റുള്ളവരെ ഭീഷണിപ്പെടുത്തി. അതുകൊണ്ടാണ് സിൻജോയെ പോലീസ് മുഖ്യപ്രതി ആക്കിയത്. ക്രൂരത കാണിച്ചതിൽ രണ്ടാമൻ കാശിനാഥൻ ആണെന്നാണ് പോലീസിന് ലഭിച്ച മൊഴി.
അതേസമയം, സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട സംഭവത്തിൽ കോളേജ് ഡീൻ എംകെ നാരായണനെയും അസിസ്റ്റന്റ് വാർഡൻ കാന്തനാഥനെയും വൈസ് ചാൻസലർ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. വിഷയത്തിൽ ഇരുവരും നൽകിയ വിശദീകരണം വൈസ് ചാൻസലർ തള്ളിയതിന് പിന്നാലെയായിരുന്നു നടപടി. നേരത്തെ തന്നെ യൂണിവേഴ്സിറ്റി വിസിയെ ഗവർണർ സസ്പെൻഡ് ചെയ്തിരുന്നു.
Most Read| മൂന്നുവയസിന് മുൻപേ അന്തർദേശീയ അവാർഡുകൾ കരസ്ഥമാക്കി അഹദ് അയാൻ








































