ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പ്രഖ്യാപിക്കും. മുൻ ഐഎഎസ് ഉദ്യോഗസ്‌ഥരായ ഗ്യാനേഷ് കുമാർ, സുഖ്‌ബീർ സിങ് സന്ധു എന്നിവർ പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണർമാരായി ചുമതലയേറ്റതിന് പിന്നാലെയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിലേക്ക് കമ്മീഷൻ കടന്നത്. 543 ലോക്‌സഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ആന്ധ്രാ പ്രദേശ്, ഒഡീഷ, സിക്കിം, അരുണാചൽ പ്രദേശ് നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതിയും ഇന്ന് പ്രഖ്യാപിക്കും. ജമ്മു കശ്‌മീരിലെ നിയമസഭാ തിരഞ്ഞെടുപ്പും ഇതിനൊപ്പം നടത്തുമോയെന്നും ഇന്നറിയാം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം ഈ ആഴ്‌ച അവിടം സന്ദർശിച്ച് സ്‌ഥിതി വിലയിരുത്തിയിരുന്നു. സംസ്‌ഥാന പദവി പുനഃസ്‌ഥാപിക്കുന്നതിൽ കേന്ദ്ര സർക്കാർ ഉത്തരവ് ഇറക്കാത്തതിനാൽ കശ്‌മീർ നിയമസഭാ തിരഞ്ഞെടുപ്പ് പിന്നീടാക്കാനാണ് സാധ്യത.
അതേസമയം, ആഭ്യന്തര കലാപം തുടരുന്ന മണിപ്പൂരിൽ തിരഞ്ഞെടുപ്പ് നടത്താൻ കഴിയുമോ എന്നതിലും അനിശ്‌ചിതത്വം നിലനിൽക്കുകയാണ്. നിലവിലെ ലോക്‌സഭയുടെ കാലാവധി ജൂൺ 16ന് അവസാനിക്കും. അതിന് മുൻപ് പുതിയ സർക്കാർ ചുമതലയേൽക്കണം. 2019ൽ മാർച്ച് പത്തിനാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത്. ഏപ്രിൽ 11ന് തുടങ്ങി മേയ് 19 വരെ ഏഴ് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടന്നത്. മേയ് 23ന് ഫലപ്രഖ്യാപനവും നടത്തി. മൂന്നാംഘട്ടമായ ഏപ്രിൽ 23നായിരുന്നു കേരളത്തിലെ വോട്ടെടുപ്പ്. ഇക്കുറിയും അഞ്ച് ഘട്ടങ്ങളിൽ അധികമായി വോട്ടെടുപ്പ് നടത്താനാണ് ആലോചന.
Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!







































