ന്യൂഡെൽഹി: എഎപിക്ക് വീണ്ടും കുരുക്കുമായി കേന്ദ്ര ഏജൻസികൾ. ആംആദ്‌മി പാർട്ടി നേതാവും ഡെൽഹി മുൻ മന്ത്രിയുമായ സത്യേന്ദർ ജെയിനെതിരെ അഴിമതിക്കേസിൽ അന്വേഷണം നടത്താൻ സിബിഐക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. കള്ളപ്പണക്കേസിൽ തിഹാർ ജയിലിൽ കഴിയുന്ന സുകാഷ് ചന്ദ്രശേഖർ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിൽ അഴിമതി തടയൽ നിയമപ്രകാരമാണ് അന്വേഷണം.
ജയിൽ മന്ത്രിയായിരിക്കെ ജയിലിൽ പ്രത്യേക സൗകര്യമൊരുക്കാൻ സത്യേന്ദർ ജെയിൻ പത്ത് കോടി രൂപ ഭീഷണിപ്പെടുത്തി വാങ്ങിയെന്നാണ് സുകാഷിന്റെ പരാതി. സത്യേന്ദർ ജെയിനിനെതിരെ അന്വേഷണത്തിന് അനുമതി ആവശ്യപ്പെട്ട് ഡെൽഹി ലഫ്. ഗവർണർ വികെ സക്‌സേനയാണ് കത്തയച്ചിരുന്നത്. നിലവിൽ കള്ളപ്പണക്കേസിൽ ജയിലിൽ കഴിയുകയാണ് സത്യേന്ദർ ജെയിൻ.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ ക്രിമിനൽ വകുപ്പുകൾ പ്രകാരം 2022 മെയ് 30ന് ആണ് സത്യേന്ദർ ജെയിനെ ഇഡി അറസ്‌റ്റ് ചെയ്‌തത്. അരവിന്ദ് കെജ്‌രിവാൾ സർക്കാരിലെ മന്ത്രിയായ ഇദ്ദേഹം 2015-16 കാലയളവിൽ കൊൽക്കത്ത ആസ്‌ഥാനമായുള്ള ഒരു സ്‌ഥാപനവുമായി ഹവാല ഇടപാടിൽ പങ്കെടുത്തതായി അന്വേഷണ ഏജൻസി ആരോപിക്കുന്നു. ഇദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ഉടമസ്‌ഥതയിലുള്ള 4.81 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി രണ്ട് മാസത്തിന് ശേഷമാണ് അറസ്‌റ്റ് ഉണ്ടായത്.
അതേസമയം, ബിജെപി പ്രതികാര രാഷ്‌ട്രീയം കളിക്കുകയാണെന്ന് എഎപി വക്‌താവ് പ്രിയങ്ക കക്കർ കുറ്റപ്പെടുത്തി. നിരവധി കേസുകളിൽ പ്രതിയായ സുകാഷ് ചന്ദ്രശേഖറിന്റെ വാക്കുകൾ വിശുദ്ധസത്യം പോലെ പരിഗണിച്ചു, ഡെൽഹിയിൽ മൊഹല്ല ക്ളിനിക്ക് പോലെയുള്ള കാര്യങ്ങൾ നടപ്പാക്കിയ ഒരാൾക്കെതിരെ നടപടി സ്വീകരിക്കുന്നുവെന്നത് ബിജെപി വീണ്ടും താഴുന്നുവെന്നതിന്റെ ഉദാഹരണമാണെന്നും പ്രിയങ്ക വിമർശിച്ചു.
Most Read| 12 മണിക്കൂറിലേറെ നീണ്ട ദൗത്യം; ഇറാനിയൻ കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന








































