ന്യൂഡെൽഹി: വാരാണസിയിലെ ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലെ തെക്കേ അറയിൽ ഹിന്ദുമതക്കാർക്ക് പൂജ തുടരാമെന്ന് സുപ്രീം കോടതി. പൂജയ്ക്ക് അനുമതി നൽകിയതിനെതിരെ മസ്ജിദ് കമ്മിറ്റി നൽകിയ അപ്പീൽ പരിഗണിക്കവെയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
ജൂലൈയിൽ കേസിൽ അന്തിമവാദം കേൾക്കും. ഗ്യാൻവാപി പള്ളിയിൽ ഹിന്ദുമതക്കാർക്ക് ആരാധനാ അനുമതി നൽകിയ വാരാണസി കോടതി വിധിയെ ചോദ്യം ചെയ്തുള്ള പള്ളിക്കമ്മിറ്റിയുടെ ഹരജി നേരത്തെ അലഹാബാദ് ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണ് പള്ളിക്കമ്മിറ്റി സുപ്രീം കോടതിയെ സമീപിച്ചത്. ഗ്യാൻവാപിയിലെ പൂജ സ്റ്റേ ചെയ്യണമെന്ന കമ്മിറ്റിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.
നിലവറയിലെ പൂജ പള്ളിയിലെ നിസ്കാരത്തിന് തടസമല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, തൽക്കാലം രണ്ടും തുടരട്ടെയെന്ന് നിർദ്ദേശിച്ചു. ജനുവരി 31നാണ് ഗ്യാൻവാപി പള്ളിയുടെ തെക്ക് ഭാഗത്തുള്ള വ്യാസ് തെഹ്ഖാനയിൽ പൂജ നടത്താൻ ഹൈന്ദവർക്ക് വാരാണസി ജില്ലാ കോടതി അനുമതി നൽകിയത്. മുത്തച്ഛൻ സോമനാഥ് വ്യാസ് 1993 ഡിസംബർ വരെ അവിടെ പൂജ നടത്തിയിരുന്നു എന്ന് കാണിച്ച് ശൈലേന്ദ്ര കുമാർ പാഠക് എന്ന വ്യക്തി നൽകിയ ഹരജിയിലായിരുന്നു കോടതി ഉത്തരവ്.
Most Read| ലോകം ഒരു വർഷം കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയുന്നത് 100 കോടി ടൺ ഭക്ഷണം!







































