തിരുവനന്തപുരം: സംസ്‌ഥാനത്ത് കൺസ്യൂമർ ഫെഡിന്റെ നേതൃത്വത്തിലുള്ള വിഷു ചന്തകൾ ഇന്ന് മുതൽ ആരംഭിക്കും. സബ്‌സിഡി നിരക്കിൽ 13 ഇനം അവശ്യസാധനങ്ങൾ ലഭ്യമാക്കാനാണ് തീരുമാനം. സംസ്‌ഥാനത്താകെ 250ഓളം റംസാൻ-വിഷു വിപണികൾ തുടങ്ങാനായിരുന്നു തീരുമാനമെങ്കിലും, പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
ഇത് ചോദ്യം ചെയ്‌ത് കൺസ്യൂമർഫെഡ് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് വിപണി തുറക്കാൻ അനുമതി നൽകിയത്. കൺസ്യൂമർഫെഡിന് ഹൈക്കോടതി ഉപാധികളോടെയാണ് കഴിഞ്ഞ ദിവസം വിഷു ചന്തകൾ തുടങ്ങാൻ അനുമതി നൽകിയത്. വിപണനമേളകളെ സർക്കാർ യാതൊരുതരത്തിലുമുള്ള പ്രചാരണത്തിനും ഉപയോഗിക്കരുതെന്ന നിർദ്ദേശത്തോടെയാണ് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.
ചന്തകളുടെ നടത്തിപ്പിൽ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം കണ്ടെത്തിയാൽ തിരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടാനുള്ള പൂർണ സ്വാതന്ത്ര്യമുണ്ടെന്നും ഹൈക്കോടതി വ്യക്‌തമാക്കി. സംസ്‌ഥാനത്ത് 250 ചന്തകൾ തുടങ്ങാനുള്ള നീക്കമാണ് വോട്ടർമാരെ സ്വാധീനിക്കുമെന്ന് ചൂണ്ടിക്കാട്ടി നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞത്. എന്നാൽ, ചന്തകളെ രാഷ്‌ട്രീയ നേട്ടത്തിന് സർക്കാർ ഉപയോഗിക്കരുതെന്നും ഇത് സംബന്ധിച്ച് സർക്കാർ യാതൊരു പബ്‌ളിസിറ്റിയും നൽകരുതെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്‌തമാക്കി.
Most Read| 124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്