തിരുവനന്തപുരം: കരമന സ്വദേശി അഖിലിന്റെ കൊലപാതകക്കേസിൽ പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. വെള്ളിയാഴ്‌ച വൈകിട്ട് അഞ്ചുമണിക്കാണ് കാറിലെത്തിയ സംഘം കരമന സ്വദേശി അഖിലിനെ (22) കൊലപ്പെടുത്തിയത്. യുവാവിന്റെ കൊലപാതക ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു.
കമ്പിവടി കൊണ്ട് പലതവണ തലയ്‌ക്കടിച്ചും ആറുതവണ ശരീരത്തിലേക്ക് ഭാരമുള്ള കല്ലെറിഞ്ഞുമാണ് കൊല നടത്തിയതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മനസിലാക്കാൻ കഴിയുന്നതെന്ന് പോലീസ് പറഞ്ഞു. കൂടാതെ, അഖിൽ ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ നിലത്തിട്ട് ആക്രമിക്കുകയും ചെയ്‌തു. മൂന്നുപേർ സംഘം ചേർന്നാണ് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്തിയത്.
കരമന അനന്തു വധക്കേസ് പ്രതി കിരൺ കൃഷ്‌ണനും സംഘവുമാണ് കൃത്യത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. വിനീഷ്, അനീഷ് അപ്പു എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്ന മാറ്റു രണ്ടുപേർ. കിരൺ കൃഷ്‌ണയാണ് ഇന്നോവ ഓടിച്ചത്. കഴിഞ്ഞയാഴ്‌ച ബാറിൽ വെച്ച് അഖിലും ഒരു സംഘവും തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായിരുന്നു. ഇതാണ് കൊലയിൽ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മൽസ്യ കച്ചവടം നടത്തിവരുന്നയാളാണ് അഖിൽ. ആക്രമണത്തിനിടെ അഖിലിന്റെ കരച്ചിൽ കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ അക്രമികൾ രക്ഷപ്പെട്ടിരുന്നു. സംഘർഷം നടന്ന ബാറിലെ അടക്കം സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിക്കുന്നുണ്ട്.
Most Read| 124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്








































