തിരുവനന്തപുരം: കരമന സ്വദേശി അഖിലിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അഖിൽ പിടിയിൽ. തമിഴ്നാട്ടിലെ വെള്ളിലോഡിൽ നിന്നാണ് അഖിൽ എന്ന അപ്പു പിടിയിലായത്. അഖിലിന്റെ ദേഹത്ത് കല്ലെടുത്തിട്ട് കൊലപ്പെടുത്തിയത് അപ്പുവാണ്.
ഗൂഢാലോചനയിൽ പങ്കുള്ള അനീഷ്, ഹരിലാൽ, കിരൺ, കിരൺ കൃഷ്ണ എന്നിവരും പിടിയിലായിട്ടുണ്ട്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത വിനീഷ്, സുമേഷ് എന്നിവർ ഒളിവിലാണ്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്കാണ് കരുമം ഇടഗ്രാമം മരുതൂർകടവ് പ്ളാവില വീട്ടിൽ കുമാറിന്റെയും സുനിതയുടെയും മകൻ അഖിലിനെ (22) കാറിലെത്തിയ സംഘം വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയത്.
കമ്പിവടി കൊണ്ട് പലതവണ തലയ്ക്കടിച്ചും ആറുതവണ ശരീരത്തിലേക്ക് ഭാരമുള്ള കല്ലെറിഞ്ഞുമാണ് കൊല നടത്തിയതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മനസിലാക്കാൻ കഴിയുന്നതെന്ന് പോലീസ് പറഞ്ഞു. വീടിനോട് ചേർന്ന് പെറ്റ്ഷോപ്പ് നടത്തുകയായിരുന്നു അഖിൽ. ഇവിടെ നിന്നാണ് സംഘം പിടിച്ചുകൊണ്ടുപോയത്. കഴിഞ്ഞയാഴ്ച ബാറിൽ വെച്ച് അഖിലും ഒരു സംഘവും തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായിരുന്നു. ഇതാണ് കൊലയിൽ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Most Read| ഹരിഹരന്റെ പരാമർശം നാക്കുപിഴ, മാപ്പപേക്ഷ സ്വാഗതം ചെയ്യുന്നു; പ്രവീൺ കുമാർ







































