മലപ്പുറം: ജില്ലയിൽ മഞ്ഞപ്പിത്തം പടരുന്നു. രണ്ടു ദിവസത്തിനിടെ മഞ്ഞപ്പിത്തം ബാധിച്ച് മൂന്ന് പേർ മരിച്ചതിനെ തുടർന്ന് ജില്ല അതീവ ജാഗ്രതയിലാണ്. ജില്ലയുടെ മലയോര മേഖലയിലാണ് മഞ്ഞപ്പിത്ത ഭീഷണിയുള്ളത്. നേരത്തെ ഇവിടെ രോഗബാധ ഉണ്ടായിരുന്നെങ്കിലും പിന്നീട് നിയന്ത്രണ വിധേയമായി.
ചെറിയ ഇടവേളക്ക് ശേഷം വീണ്ടും രോഗം പടരുന്നത് ആശങ്കയ്‌ക്ക് കാരണമായിട്ടുണ്ട്. സ്‌ഥിതിഗതികൾ ചർച്ച ചെയ്യാൻ ജില്ലാ മെഡിക്കൽ ഓഫീസർ നാളെ അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്. മലപ്പുറം പോത്തുകല്ല് സ്വദേശി കോടാലിപൊയിൽ ഇത്തിക്കൽ സക്കീറാണ് (35) ഇന്ന് രാവിലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
മഞ്ഞപിത്തം ഗുരുതരമായി കരളിനെ ബാധിച്ചതാണ് അപകട കാരണം. കാളികാവ് ചോക്കോട് പന്നിക്കോട്ടുമുണ്ട മരുതിങ്ങലിലെ തണ്ടുപാറയ്‌ക്കൽ ജിഗിൻ (14), നിലമ്പൂർ ചാലിയാർ എളമ്പിലക്കോട് പന്തലിങ്ങൽ റനീഷ് (42) എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചത്. ഈ വർഷം ഇതുവരെ മഞ്ഞപ്പിത്തം ബാധിച്ച് ജില്ലയിൽ മരിച്ചവരുടെ എണ്ണം എട്ടായി.
Most Read| രാജ്യ തലസ്‌ഥാനത്ത് വീണ്ടും ബോംബ് ഭീഷണി; സന്ദേശമെത്തിയത് ആശുപത്രികളിൽ







































