കോഴിക്കോട്: ആർഎംപി നേതാവ് കെഎസ് ഹരിഹരന്റെ വീടിന് നേരെ സ്‌ഫോടക വസ്‌തുക്കൾ എറിഞ്ഞ സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെ കേസെടുത്തു. തേഞ്ഞിപ്പലം പോലീസാണ് കേസെടുത്തത്. ബോംബ് സ്‌ക്വാഡ് സ്‌ഥലം സന്ദർശിച്ചു. സാമ്പിൾ വിശദപരിശോധനക്കായി അയച്ചിട്ടുണ്ട്.
മാരകമായ സ്‌ഫോടക വസ്‌തുക്കളല്ല ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി 8.15ഓടെയാണ് മലപ്പുറം തേഞ്ഞിപ്പലം ഒലിപ്രം കടവിനടുത്തെ ഹരിഹരന്റെ വീടിന് നേരെ ആക്രമണം ഉണ്ടായത്. സ്‌കൂട്ടറിലെത്തിയ സംഘം ഗേറ്റിന് നേരെയാണ് മാരക ശബ്‌ദമുള്ള സ്‌ഫോടകവസ്‌തു എറിഞ്ഞത്. ഒലിപ്രം കടവ് വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം വടകരയിലെ എൽഡിഎഫ് സ്‌ഥാനാർഥി കെകെ ശൈലജക്കെതിരെ സ്‌ത്രീവിരുദ്ധ പരാമർശം നടത്തിയതിന് പിന്നാലെ ഹരിഹരനെതിരെ വ്യാപക വിമർശനം ഉയർന്നുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വീടിന് നേരെ ആക്രമണവും ഉണ്ടായത്. സംഭവസമയത്ത് ഹരിഹരനും കുടുംബവും വീട്ടിലുണ്ടായിരുന്നു. ഉച്ചയ്‌ക്ക് വടകര രജിസ്‌ട്രേഷനിലുള്ള കാറിലെത്തിയ സംഘം ഭീഷണി മുഴക്കിയിരുന്നതായും സിപിഎം ആണ് ഇതിന് പിന്നിലെന്നും ഹരിഹരൻ ആരോപിച്ചു.
വടകരയിൽ ശനിയാഴ്‌ച നടന്ന യുഡിഎഫ്, ആർഎംപി ജനകീയ പ്രതിഷേധ വേദിയിലാണ് ഹരിഹരൻ വിവാദ പരാമർശം നടത്തിയത്. പ്രസ്‌താവന ചർച്ചയായതോടെ പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നു. കെഎസ് ഹരിഹരനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ സംസ്‌ഥാന സെക്രട്ടറി വികെ സനോജ് ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.
‘സിപിഎമ്മിന്റെ സൈബർ ഗുണ്ടകൾ കരുതിയത് അവർ ചില സംഗതികൾ നടത്തിയാൽ തീരുമെന്നാണ്. ടീച്ചറുടെ ഒരു അശ്‌ളീല വീഡിയോ ഉണ്ടാക്കിയെന്നാണ് പരാതി. ആരെങ്കിലും ഉണ്ടാക്കുമോ അത്? ഹരിഹരൻ പറഞ്ഞു. മറ്റാരുടെയെങ്കിലും ഉണ്ടാക്കിയെന്ന് പറഞ്ഞാൽ മനസിലാക്കാമെന്നും ഒരു നടിയെ പരാമർശിച്ചുകൊണ്ട്’ ഹരിഹരൻ പറഞ്ഞു. ഇതാണ് വിവാദമായത്.
Most Read| ഊട്ടി-കൊടൈക്കനാൽ യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി മദ്രാസ് ഹൈക്കോടതി