തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ന് പത്തനംതിട്ട ജില്ലയിൽ യെല്ലോ അലർട്ടാണ്. മറ്റു ജില്ലകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി രാത്രി 11.30 വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
പല സ്ഥലങ്ങളിലും ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത ഉണ്ടെന്ന വിലയിരുത്തലിൽ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരം, പത്തനംതിട്ട അടക്കമുള്ള ജില്ലകളിൽ ശക്തമായ മഴ പെയ്തിരുന്നു. മഴ എത്തിയതോടെ പാലക്കാട്, തൃശൂർ ജില്ലകളിൽ ഉൾപ്പടെ ഉയർന്ന താപനിലക്ക് ശമനമുണ്ടായി.
അതേസമയം, കാലവർഷം അടുത്തയാഴ്ചയോടെ ആൻഡമാനിൽ എത്തിച്ചേരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. 19ന് തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബാർ ദ്വീപ് എന്നിവിടങ്ങളിൽ എത്തിച്ചേരാൻ സാധ്യതയെന്നാണ് വിലയിരുത്തൽ. സാധാരണയായി മേയ് 22ന് ആണ് ആൻഡമാൻ ഉൾക്കടലിൽ കാലവർഷം ആരംഭിക്കുക.
Most Read| 124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്







































