ന്യൂഡെൽഹി: സ്വാതി മലിവാൾ എംപിയെ മർദ്ദിച്ചെന്ന പരാതിയിൽ ബൈഭവ് കുമാറിനെ അറസ്‌റ്റ് ചെയ്‌തതിന് പിന്നാലെ ബിജെപിക്കെതിരെ വെല്ലുവിളിയുമായി ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ആംആദ്‌മി പാർട്ടി നേതാക്കളെയെല്ലാം കൂട്ടമായി അറസ്‌റ്റ് ചെയ്യുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് കെജ്‌രിവാൾ ആരോപിച്ചു.
നാളെ ഉച്ചയ്‌ക്ക് 12 മണിക്ക് ബിജെപിയുടെ പാർട്ടി ആസ്‌ഥാനത്തേക്ക് വരാം, വേണ്ടവരെ നിങ്ങൾ അറസ്‌റ്റ് ചെയ്‌തോളൂ എന്നാണ് അരവിന്ദ് കെജ്‌രിവാളിന്റെ വെല്ലുവിളി. എക്‌സ് അക്കൗണ്ടിൽ പോസ്‌റ്റ് ചെയ്‌ത വീഡിയോയിലായിരുന്നു കെജ്‌രിവാൾ വെല്ലുവിളി നടത്തിയത്.
”പ്രധാനമന്ത്രി മോദിജി. എന്നെയും, മനീഷ് സിസോദിയ, സഞ്‌ജയ് സിങ് എന്നീ നേതാക്കൾ ഉൾപ്പടെ ഓരോരുത്തരെയായി ജയിലിലടച്ചുകൊണ്ട് നിങ്ങൾ ഈ ജയിൽ കളി കളിക്കുകയാണ്. ഞാനും എന്റെ പാർട്ടി എംപിമാരും എംഎൽഎമാരും നാളെ ഉച്ചയ്‌ക്ക് 12 മണിക്ക് ബിജെപി ആസ്‌ഥാനത്ത് വരാം. വേണ്ടവരെ ഒറ്റയടിക്ക് അറസ്‌റ്റ് ചെയ്‌ത് നിങ്ങൾക്ക് ജയിലിലടക്കാം”- കെജ്‌രിവാൾ വെല്ലുവിളിച്ചു.
”സഞ്‌ജയ് സിങ്ങിനെ ജയിലിലടച്ചു. ഇന്ന് എന്റെ സഹായി ബൈഭവ് കുമാറിനെയും. ലണ്ടനിൽ നിന്ന് തിരിച്ചെത്തിയതോടെ രാഘവ് ഛദ്ദയെയും ജയിലിലടക്കുമെന്ന് പറയുന്നു”- കെജ്‌രിവാൾ കൂട്ടിച്ചേർത്തു. കെജ്‌രിവാളിന്റെ വീട്ടിൽ നിന്നാണ് അദ്ദേഹത്തിന്റെ പിഎ ആയ ബൈഭവ് കുമാറിനെ ഇന്ന് ഡെൽഹി പോലീസ് അറസ്‌റ്റ് ചെയ്‌തത്. മേയ് 13ന് കെജ്‌രിവാളിനെ കാണാനായി ഔദ്യോഗിക വസതിയിലെത്തിയ തന്നെ ബൈഭവ് കുമാർ ക്രൂരമായി അക്രമിച്ചെന്നാണ് സ്വാതി മലിവാൾ എംപി പരാതി നൽകിയത്.
Most Read| കിർഗിസ്‌ഥാനിലെ വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഇന്ത്യ







































