തിരുവനന്തപുരം: വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ ഇന്ന് രാത്രി ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറിത്താമസിക്കണം.
ബീച്ചിലേക്കുള്ള യാത്രയും കടലിൽ ഇറങ്ങുന്നതും പൂർണമായും ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു. അതിനിടെ, സംസ്ഥാനത്തെ ഇന്നത്തെ മഴമുന്നറിയിപ്പിൽ മാറ്റം വരുത്തി. മൂന്ന് ജില്ലകളിലെ അതിതീവ്രമഴ മുന്നറിയിപ്പ് പിൻവലിച്ചു. ഇടുക്കി, പത്തനംതിട്ട, കോട്ടയം എന്നിവിടങ്ങളിലെ റെഡ് അലർട്ടാണ് പിൻവലിച്ചത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മറ്റന്നാൾ ഇടുക്കി, പാലക്കാട് ജില്ലകളിലുമാണ് റെഡ് അലർട്. മഴ മുന്നറിയിപ്പിനെ തുടർന്ന് അടച്ച തൃശൂരിലെ അതിരപ്പിള്ളി, വാഴച്ചാൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു.
Most Read| ഗവർണർക്ക് തിരിച്ചടി; കേരള സർവകലാശാല സെനറ്റിലേക്കുള്ള നാമനിർദ്ദേശം റദ്ദാക്കി