ബത്തേരി: വയനാട്ടിൽ റാഗിങ്ങിന്റെ പേരിൽ വിദ്യർഥിക്ക് ക്രൂരമർദ്ദനം. മൂലങ്കാവ് സർക്കാർ സ്‌കൂളിലെ പത്താം ക്ളാസ് വിദ്യാർഥി ശബരിനാഥിനാണ് (15) പരിക്കേറ്റത്. കത്രിക കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. മുഖത്ത് രണ്ടു ഭാഗത്തും നെഞ്ചിലും കുത്തേറ്റു. ചെവിക്കും സാരമായ പരിക്കുണ്ട്. ഇന്നലെ ഉച്ചക്കായിരുന്നു സംഭവം.
അമ്പലവയൽ സ്വദേശിയായ ശബരിനാഥിനെ പരിചയപ്പെടാൻ എന്ന പേരിലാണ് ക്ളാസിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയത്. പിന്നാലെ ഒരു വിദ്യാർഥി കത്രിക ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. അതേസമയം, സംഭവത്തിൽ കേസുമായി മുന്നോട്ട് പോകുമെന്ന് ശബരിനാഥിന്റെ അമ്മ സ്‌മിത പറഞ്ഞു. ബത്തേരി താലൂക്ക് ആശുപത്രിയിൽ നിന്നും മതിയായ ചികിൽസ കിട്ടിയില്ലെന്നും അവിടെ നിന്ന് ഡിസ്‌ചാർജ് ചെയ്യാൻ സമ്മർദ്ദം വന്നുവെന്നും സ്‌മിത ആരോപിച്ചു.
മെച്ചപ്പെട്ട ചികിസായ്‌ക്കായി ശബരിനാഥിനെ കൽപ്പറ്റ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അധ്യാപകർ എന്തോ ഒളിച്ചു വെക്കാൻ ശ്രമിക്കുന്നുണ്ടെന്നും ശബരിനാഥിനെ കഴിഞ്ഞ ദിവസം വിദ്യാർഥികൾ ഭീഷണിപ്പെടുത്തിയിരുന്നു എന്നും അമ്മ വെളിപ്പെടുത്തി. സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലെത്തി ബത്തേരി പോലീസ് വിദ്യാർഥിയുടെ മൊഴിയെടുക്കാൻ ശ്രമിച്ചിരുന്നു.
നിലവിൽ സംസാരിക്കാൻ കഴിയുന്ന അവസ്‌ഥയിലല്ല ശബരിനാഥ്. അടുത്ത ദിവസം കേസ് രജിസ്‌റ്റർ ചെയ്യുമെന്നാണ് പോലീസ് നൽക്കുന്ന വിവരം. കണ്ണിന് താഴെ, ചെവി എന്നിവിടങ്ങളിൽ പരിക്കുണ്ട്. മറ്റൊരു സ്‌കൂളിലായിരുന്ന ശബരീനാഥ് ഈ വർഷമാണ് മൂലങ്കാവ് സ്‌കൂളിൽ പ്രവേശനം നേടിയത്.
Most Read| സത്യപ്രതിജ്‌ഞ നാളെ; മന്ത്രിസഭാ രൂപീകരണ ചർച്ചകൾ ഊർജിതമാക്കി എൻഡിഎ








































