ഉയരക്കൂടുതൽ ഉള്ളവരും ഉയരം കുറഞ്ഞവരും ഒക്കെ ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടം പിടിക്കാറുണ്ട്. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികൾ അവരുടെ ഉയരത്തിന്റെ പേരിൽ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ച കഥയാണ് സോഷ്യൽ മീഡിയകളിൽ ചർച്ചയാകുന്നത്.
ശരീരത്തിന്റെ വലിപ്പത്തിൽ അൽപ്പം കുറവുണ്ടായിരിക്കാം. പക്ഷേ, ഞങ്ങൾക്ക് വലിയ ഹൃദയമുണ്ടെന്ന് പറയാതെ പറയുകയാണ് ബ്രസീലിയൻ ദമ്പതികളായ പൗലോ ഗബ്രിയേൽ ഡ സിൽവ ബറോസും കറ്റ്യൂസിയ ലി ഹോഷിനോയും. ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികൾ എന്ന് ഇവരെ അംഗീകരിച്ചിരിക്കുകയാണ് ഗിന്നസ് വേൾഡ് റെക്കോർഡ്.
2006ലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. പിന്നീടങ്ങോട്ട് 15 വർഷ കാലത്തെ പ്രണയം. ഒടുവിൽ വിവാഹം. 31 കാരനാണ് പൗലോ. കറ്റ്യൂസിയ 28 കാരിയും. വിവാഹത്തിന് ശേഷം ഇവർ ഭൂമിയിലെ ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികളായി. ഇതോടെ, ഇരുവരെയും ഉയരം കുറഞ്ഞ ദമ്പതികളെന്ന് ഔദ്യോഗികമായി ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഇൻസ്റ്റഗ്രാം പേജിൽ പ്രഖ്യാപിച്ചു. പിന്നാലെ ഈ വാർത്ത ഏറെ ശ്രദ്ധനേടി.
ഒരുമിച്ച് ജീവിക്കുന്നതിൽ അതീവ സന്തോഷമുണ്ടെന്നും ജീവിതത്തിലെ എല്ലാ വെല്ലുവിളികളും ഒരുമിച്ച് നേരിടാൻ തയ്യാറാണെന്നും ദമ്പതികൾ പറയുന്നു. ഞങ്ങൾ ഉയരം കുറഞ്ഞവരായിരിക്കാം. പക്ഷേ ഞങ്ങൾക്ക് വലിയ ഹൃദയവും പരസ്പരം ഒരുപാട് സ്നേഹവുമുണ്ട്. ഞങ്ങളുടെ ജീവിതം വെല്ലുവിളികൾ ഇല്ലാത്ത ഒന്നല്ല. എന്നാൽ, ഈ വെല്ലുവിളികളെ ഒരുമിച്ച് നേരിടാൻ കഴിയുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട് എന്നാണ് ഇവർ പറയുന്നത്. പൗലോയുടെ ഉയരം 90.28 സെന്റീമീറ്ററും കറ്റ്യൂസിയയുടെ ഉയരം 91.13 സെന്റീമീറ്ററുമാണ്.
Health| ഇന്ത്യയിൽ ക്യാൻസർ രോഗികളിൽ കൂടുതൽ 40 വയസിന് താഴെയുള്ളവരിലെന്ന് പഠനം