കോഴിക്കോട്: കണ്ണൂർ സ്വദേശിനിയായ പെൺകുട്ടിയുടെ മരണം അമീബിക് മസ്‌തിഷ്‌കജ്വരം ബാധിച്ചെന്ന് സ്‌ഥിരീകരിച്ചു. പെൺകുട്ടിയുടെ പരിശോധനാ ഫലം വന്നപ്പോഴാണ് രോഗം സ്‌ഥിരീകരിച്ചത്. ജൂൺ 12നാണ് കണ്ണൂർ തോട്ടടയിലെ രാഗേഷ് ബാബുവിന്റെയും ധന്യയുടെയും മകൾ ദക്ഷിണ (18) കടുത്ത പനിയെ തുടർന്ന് മരിച്ചത്.
തലവേദനയും ഛർദിയും ബാധിച്ച് കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടി ആദ്യം ചികിൽസ തേടിയത്. പിന്നീട് ആരോഗ്യനില മോശമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിൽസയിലിരിക്കെ ആയിരുന്നു മരണം. സ്‌കൂളിൽ നിന്ന് മൂന്നാറിലേക്ക് പഠനയാത്ര പോയ സമയത്ത് കുട്ടി പൂളിൽ കുളിച്ചിരുന്നു. ഇതാണ് രോഗബാധയ്‌ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
അമീബ ശരീരത്തിൽ പ്രവേശിച്ചാൽ അഞ്ചുദിവസം കൊണ്ട് രോഗലക്ഷണങ്ങൾ കാണുകയും പെട്ടെന്ന് തന്നെ ആരോഗ്യസ്‌ഥിതി മോശമാവുകയും ചെയ്യും. ദക്ഷിണക്ക് പൂളിൽ കുളിച്ച് മൂന്നരമാസം കഴിഞ്ഞാണ് ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. ജനുവരി 28ന് യാത്രപോയ കുട്ടിക്ക് മേയ് എട്ടിനാണ് രോഗലക്ഷണങ്ങൾ കണ്ടത്.
കഴിഞ്ഞ ദിവസം മലപ്പുറം സ്വദേശിയായ കുട്ടിയും അമീബിക് മസ്‌തിഷ്‌കജ്വരം ബാധിച്ച് മരിച്ചിരുന്നു. മലപ്പുറം മുന്നിയൂർ കളിയാട്ടമുക്ക് സ്വദേശി പടിഞ്ഞാറെ പീടിയേക്കൽ ഹസ്സൻ കുട്ടി- ഫസ്‌ന ദമ്പതികളുടെ മകൾ ഫദ്‌വ (5) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു.
എന്താണ് അമീബിക് മസ്‌തിഷ്‌ക ജ്വരം?
കേരളത്തിൽ മുമ്പ് ചുരുക്കം ചിലർക്ക് മാത്രമാണ് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ചിട്ടുള്ളത്. 2017ൽ ആലപ്പുഴ മുനിസിപ്പാലിറ്റി പ്രദേശത്താണ് മെനിഞ്ചോ എൻസെഫലൈറ്റിസ് എന്ന ഈ രോഗം ആദ്യമായി റിപ്പോർട് ചെയ്‌തത്.
വെള്ളത്തിൽ ജീവിക്കുന്ന നെയ്‌ഗ്‌ളേറിയ ഫൗളറി എന്ന അമീബയാണ് ഈ അപൂർവ്വരോഗത്തിന് കാരണം. ചെളി നിറഞ്ഞ ജലാശയങ്ങളിൽ കണ്ടുവരുന്ന നെയ്‌ഗ്‌ളേറിയ ഫൗളറി മനുഷ്യർ മുങ്ങിക്കുളിക്കുമ്പോൾ മൂക്കിലൂടെ ശിരസിൽ എത്തി തലച്ചോറിൽ അണുബാധ ഉണ്ടാക്കുന്നതാണ് മാരകമാകുന്നതെന്ന് ഡോക്‌ടർമാർ പറയുന്നു.
പനി, തലവേദന, ഛർദി, അപസ്‌മാരം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. മലിനമായ വെള്ളത്തിൽ മുങ്ങി കുളിക്കുന്നതും, മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നതും രോഗം വരാൻ കാരണമാകുന്നതിനാൽ അത് പൂർണമായും ഒഴിവാക്കുക. മലിനജലം കെട്ടികിടക്കുന്ന സാഹചര്യം ഒഴിവാക്കണം. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് രോഗം പടരില്ല. അസുഖം ബാധിച്ചാൽ നൂറുശതമാനമാണ് മരണനിരക്ക്.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ








































