തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ വർധിക്കുന്നു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ പുനരധിവാസ കേന്ദ്രത്തിൽ ഒരാൾക്ക് കൂടി കോളറ സ്ഥിരീകരിച്ചു. ഇതോടെ ഈ കേന്ദ്രത്തിൽ കോളറ സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയി. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 129 പേർക്ക് ഡെങ്കിപ്പനി റിപ്പോർട് ചെയ്തു.
ഒരു ഡെങ്കിമരണവും സംശയിക്കുന്നുണ്ട്. ഒരു വെസ്റ്റ് നൈൽ മരണവും സംശയിക്കുന്നുണ്ട്. 36 പേർക്ക് എച്ച്1എൻ1, 14 പേർക്ക് എലിപ്പനിയും റിപ്പോർട് ചെയ്തു. അഞ്ച് മലേറിയ കേസുകളാണ് റിപ്പോർട് ചെയ്തത്. അതേസമയം, മലപ്പുറത്ത് നാല് പേർക്ക് മലമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. നിലമ്പൂരിൽ ഒരാൾക്കും പൊന്നാനിയിൽ മൂന്നുപേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പൊന്നാനിയിൽ 1200 പേരുടെ രക്തസാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചത്.
മൂന്ന് സ്ത്രീകൾക്കാണ് ഇവിടെ രോഗം ബാധിച്ചത്. നിലമ്പൂരിൽ ഒരു അതിഥി തൊഴിലാളിക്കാണ് രോഗബാധ. ഒഡീഷ സ്വദേശിയാണ് ചികിൽസയിലുള്ളത്. മലേറിയ സ്ഥിരീകരിച്ച സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ പൊന്നാനി, ഈഴുവത്തിരുത്തി, തവനൂർ ബ്ളോക്കുകളിലെ ആരോഗ്യ പ്രവർത്തകർ, വെക്ടർ കൺട്രോൾ യൂണിറ്റ്, ആശാ പ്രവർത്തകർ തുടങ്ങിയവർ സർവേ നടത്തി. പ്രദേശത്ത് ആരോഗ്യ വകുപ്പിന്റെ പ്രത്യേക പരിശോധന തുടരുകയാണ്.
Most Read| ബോംബെന്ന് കരുതി വലിച്ചെറിഞ്ഞു, പൊട്ടിയപ്പോൾ പുറത്തുവന്നത് നിധിക്കൂമ്പാരം!