ബെംഗളൂരു: കർണാടക അങ്കോളയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട മലയാളി ലോറി ഡ്രൈവർ അർജുനായുള്ള രക്ഷാപ്രവർത്തനം പുനരാരംഭിച്ചു. മോശം കാലാവസ്‌ഥയെ തുടർന്ന് ഇന്നലെ രാത്രി ഒമ്പത് മണിയോടെ തിരച്ചിൽ നിർത്തിവെച്ചിരുന്നു. മണ്ണിടിച്ചിൽ ഭാഗത്തുള്ള പ്രദേശത്താണ് ലോറി ഇപ്പോഴുള്ളതെന്നാണ് വിവരം.
കേരളത്തിൽ നിന്നുപോയ രക്ഷാപ്രവർത്തകർ അടങ്ങുന്ന സംഘം സംഭവ സ്‌ഥലത്ത് എത്തിയിട്ടുണ്ട്. ഇന്നലെ രാത്രി രക്ഷാപ്രവർത്തനം നടത്താൻ വലിയ ലൈറ്റുകൾ അടക്കം പ്രദേശത്ത് സജ്‌ജമാക്കിയിരുന്നു. കനത്ത മഴയെ അവഗണിച്ചും തിരച്ചിൽ തുടർന്നിരുന്നു. എന്നാൽ, മേഖലയിൽ ശക്‌തമായ മഴ പെയ്യുന്നതിനാൽ വീണ്ടും മണ്ണിടിയാനുള്ള സാധ്യതയുണ്ടെന്നും തിരച്ചിൽ നിർത്തിവെക്കുകയാണെന്നും ഉത്തര കന്നഡ കളക്‌ടർ മാദ്ധ്യമങ്ങളെ അറിയിച്ചു.
അതിനിടെ, രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ ഉൾപ്പെടുത്തണമെന്നാണ് അർജുന്റെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. റഡാർ ഉപയോഗിച്ചായിരിക്കും ഇന്നത്തെ തിരച്ചിൽ. ബെംഗളൂരുവിൽ നിന്ന് റഡാർ എത്തിച്ചിട്ടുണ്ട്. വളരെ ആഴത്തിലുള്ള വസ്‌തുക്കൾ വരെ കണ്ടെത്താൻ കഴിയുന്ന റഡാറാണ് ഉപയോഗിക്കുക. ലോറിയുള്ള സ്‌ഥലം ഈ റഡാർ വഴി കണ്ടെത്താൻ കഴിഞ്ഞാൽ ആ ദിശ നോക്കി മണ്ണെടുപ്പ് നടത്തും.
നാവികസേന, എൻഡിആർഎഫ്, എസ്‌ഡിആർഎഫ്, പോലീസ്, അഗ്‌നിശമന സേനാംഗങ്ങൾ എന്നിവർ തിരച്ചിലിന്റെ ഭാഗമാണ്. രക്ഷാപ്രവർത്തനം നടക്കുന്ന സ്‌ഥലത്തേക്ക് അർജുന്റെ ബന്ധുക്കൾക്കും മാദ്ധ്യമങ്ങൾക്കും പ്രവേശനമില്ല. 16ആം തീയതിയാണ് സംഭവം. അന്ന് രാവിലെ ഒമ്പത് മണിക്കാണ് കർണാടക ഷിരൂരിൽ ദേശീയപാതയിൽ മണ്ണിടിച്ചിൽ ഉണ്ടായത്. തടി കയറ്റി വരികയായിരുന്ന ലോറി ദേശീയപാതയിൽ മണ്ണിടിച്ചിലിൽ കുടുങ്ങുകയായിരുന്നു. മണ്ണിനടിയിൽ അർജുനടക്കം നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. ഏതാനും പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്.
Most Read| തദ്ദേശസ്‌ഥാപന ഉപതിരഞ്ഞെടുപ്പ്; മഷി പുരട്ടുന്നത് വോട്ടർമാരുടെ ഇടത് നടുവിരലിൽ








































