തിരുവനന്തപുരം: നിപയിൽ കേരളത്തിന് ആശ്വാസം. ഇന്ന് പുറത്തുവന്ന 16 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. എല്ലാവരും ലോ റിസ്‌ക് വിഭാഗത്തിൽ ഉള്ളവരാണ്. ഇതുവരെയായി ആകെ 58 സാമ്പിളുകളാണ് നെഗറ്റീവ് ആയതെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
അതിനിടെ, രോഗലക്ഷണങ്ങളോടെ ഇന്ന് മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതോടെ ആകെ 21 പേരാണ് ഇപ്പോൾ മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ നിരീക്ഷണത്തിൽ ഉള്ളത്. ഇവരിൽ 17 പേർ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരാണ്. ഇന്ന് പുതുതായി 12 പേരെയാണ് സെക്കണ്ടറി സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയത്.
ഇതോടെ ആകെ സമ്പർക്കപ്പട്ടികയിൽ ഉള്ളവരുടെ എണ്ണം 472 ആയി. 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. ഇന്ന് മലപ്പുറം ജില്ലയിലെ പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലായി 8376 വീടുകളിൽ സർവേ നടത്തി. ആകെ 26,431 വീടുകളിലാണ് ഇതുവരെ സർവേ നടത്തിയത്. നാളെയോടെ എല്ലാ വീടുകളിലും സർവേ പൂർത്തിയാക്കാനാവും.
കഴിഞ്ഞ ഞായറാഴ്‌ചയാണ് മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയായ 14 വയസുകാരൻ നിപ ബാധിച്ചു മരിച്ചത്. ഈ മാസം പത്തിനാണ് കുട്ടിയെ പനി ബാധിച്ചു നാട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെ ആയിരുന്നു മരണം. കുട്ടിയുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്ന 17 പേരുടെ സാമ്പിളുകളും ഇന്നലെ നെഗറ്റീവ് ആയിരുന്നു.
Most Read| ഹേമ കമ്മിറ്റി റിപ്പോർട്; വിവരങ്ങൾ പുറത്തുവിടുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു