ദുബായ്: സർക്കാർ സ്‌ഥാപനങ്ങളുടെ പ്രവൃത്തി സമയം ഏഴ് മണിക്കൂറായി കുറച്ച് ദുബായ് ഗവ. ഹ്യൂമൻ റിസോഴ്‌സസ് ഡിപ്പാർട്ട്‌മെന്റ്. കൂടാതെ, വേനൽക്കാലത്ത് സർക്കാർ സ്‌ഥാപനങ്ങൾക്ക് വെള്ളിയാഴ്‌ചകളിൽ അവധി നൽകാനും തീരുമാനിച്ചു. ഈ മാസം 12 മുതൽ സെപ്‌തംബർ 30 വരെയാണ് ‘അവർ ഫ്‌ളെക്‌സിബിൾ സമ്മർ’ എന്ന പേരിൽ പ്രത്യേക സമയക്രമം സർക്കാർ ഓഫീസുകളിൽ നടപ്പാക്കുക.
ഇതോടെ, 15 സർക്കാർ സ്‌ഥാപനങ്ങളിൽ വേനൽക്കാല സമയക്രമം നിലവിൽ വരും. ഏതെല്ലാം സ്‌ഥാപനങ്ങളിലാണ് ഫ്‌ളെക്‌സിബിൾ സമ്മർ നടപ്പാക്കുക എന്നത് വരും ദിവസങ്ങളിൽ അറിയാം. പദ്ധതി നടപ്പാക്കുന്നതോടെ അടുത്ത ഏഴ് ആഴ്‌ചകളിൽ സുദീർഘ വാരാന്ത്യങ്ങളാണ് സർക്കാർ ഉദ്യോഗസ്‌ഥർക്ക് ലഭിക്കുക.
വേനൽക്കാലത്ത് ജീവനക്കാരുടെ ആരോഗ്യം സംരക്ഷിക്കാനും മികച്ച തൊഴിൽ ജീവിതം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ളതാണ് പദ്ധതിയെന്ന് ഹ്യൂമൻ റിസോഴ്‌സ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് വിവിധ സർക്കാർ വകുപ്പുകളിൽ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്‌ഥർ സർവേ നടത്തിയിരുന്നു. ജോലി സമയം കുറയ്‌ക്കുന്നതിനെയും വെള്ളിയാഴ്‌ച അവധി നൽകുന്നതിനെയും സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും സ്വാഗതം ചെയ്‌തു.
കുറഞ്ഞ പ്രവൃത്തി സമയം ഉൽപ്പാദന ക്ഷമതയെ എങ്ങനെ വർധിപ്പിക്കും എന്നത് സംബന്ധിച്ച് വിശദമായ പഠനം നടത്തിയ ശേഷമാണ് വേനൽക്കാല സമയ ക്രമീകരണങ്ങളിലേക്ക് വകുപ്പ് കടക്കുന്നത്. യുഎഇയിലും വിദേശരാജ്യങ്ങളിലും സമയ ക്രമീകരണം സംബന്ധിച്ച് പഠനം നടത്തി. ആഴ്‌ചയിൽ മൂന്ന് ദിവസം അവധിയുള്ള ഷാർജയിൽ ജീവനാക്കാരീടെ ഉൽപ്പാദന ക്ഷമത 88 ശതമാനം വർധിച്ചതായാണ് പഠന റിപ്പോർട്.
Most Read| ‘ഗുസ്‌തി ജയിച്ചു, ഞാൻ തോറ്റു’; അയോഗ്യയാക്കിയതിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്