ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെയും ഹരിയാനയിലെയും നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ജമ്മുവിൽ മൂന്ന് ഘട്ടമായാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ടം സെപ്‌തംബർ 18ന്. രണ്ടാംഘട്ടം 25ന്. ഒക്‌ടോബർ ഒന്നിനാണ് മൂന്നാംഘട്ടം. ഒക്‌ടോബർ ഒന്നിന് തന്നെയാണ് ഹരിയാനയിലെയും വോട്ടെടുപ്പ്. ഒറ്റഘട്ടമായാണ് സംസ്‌ഥാനത്ത് തിരഞ്ഞെടുപ്പ്. ഒക്‌ടോബർ നാലിനാണ് രണ്ടിടത്തും വോട്ടെണ്ണൽ.
ഹരിയാന സർക്കാരിന്റെ കാലാവധി നവംബർ മൂന്നിന് അവസാനിക്കുകയാണ്. സെപ്‌തംബർ 30നകം ജമ്മു കശ്‌മീരിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു. 2014ന് ശേഷം ജമ്മു കശ്‌മീരിൽ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. അതേസമയം, മഹാരാഷ്‌ട്ര, ജാർഖണ്ഡ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്ന് കരുതിയെങ്കിലും പ്രഖ്യാപിച്ചിട്ടില്ല.
കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചിട്ടില്ല. കശ്‌മീരിൽ സേനാവിന്യാസം കൂടുതൽ വേണ്ടതിനാലാണ് മഹാരാഷ്‌ട്രയിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തത്. മഹാരാഷ്‌ട്രയിലെ കനത്ത മഴയും ഉൽസവങ്ങളും കണക്കിലെടുത്താണ് പ്രഖ്യാപനം നീട്ടിയതെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്‌തമാക്കി. ജാർഖണ്ഡ് സർക്കാരിന്റെ കാലാവധി 2025 ജനുവരിയിൽ അവസാനിക്കും.
വയനാട് ലോക്‌സഭാ മണ്ഡലത്തിലും ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലുമാണ് കേരളത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടത്. രാഹുൽ ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞതോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ലോക്‌സഭാ തിരഞ്ഞെടുക്കിൽ പാലക്കാട് ജില്ലയിലെ ആലത്തൂരിൽ നിന്ന് കെ രാധാകൃഷ്‌ണൻ ജയിച്ചതോടെയാണ് ചേലക്കരയിൽ നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഷാഫി പറമ്പിൽ എംഎൽഎ വടകരയിൽ നിന്ന് ലോക്‌സഭയിലേക്ക് വിജയിച്ചതോടെയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
Most Read| കുരങ്ങുപനി; ആഗോള ജാഗ്രത പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന- കേരളം ആശങ്കയിൽ!