ബെംഗളൂരു: തമിഴരർക്കെതിരെ നടത്തിയ വിദ്വേഷ പരാമർശത്തിൽ മുൻ കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവുമായ ശോഭ കരന്തലജെ ആത്മർഥമായി മാപ്പ് പറയാൻ തയ്യാറാകണമെന്ന് മദ്രാസ് ഹൈക്കോടതി. പേരിന് മാപ്പ് പറഞ്ഞു തലയൂരാനുള്ള നീക്കത്തെ ജസ്റ്റിസ് ജി ജയചന്ദ്രൻ രൂക്ഷമായി വിമർശിച്ചു.
വാർത്താ സമ്മേളനം വിളിച്ചു മാപ്പ് പറയുന്നതിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്നും അതിനാലാണ് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ മാപ്പ് പറഞ്ഞതെന്നുമുള്ള ശോഭയുടെ അഭിഭാഷകന്റെ പരാമർശമാണ് കോടതിയെ ചൊടിപ്പിച്ചത്. വാദവുമായി മുന്നോട്ട് പോകാൻ തയ്യാറാണെന്ന് ശോഭയുടെ അഭിഭാഷകൻ അറിയിച്ചതോടെ കേസ് ഓഗസ്റ്റ് 23ലേക്ക് മാറ്റി.
തമിഴ്നാട്ടിൽ നിന്ന് പരിശീലനം നേടിയ ആളുകൾ ബെംഗളൂരുവിലെത്തി സ്ഫോടനം നടത്തുകയാണ് എന്നായിരുന്നു ശോഭയുടെ വിവാദ പരാമർശം. എന്നാൽ, രാമേശ്വരം കഫേയിലെ സ്ഫോടനം നടത്തിയ ആളുകൾ കൃഷ്ണഗിരി കാടുകളിൽ നിന്നാണ് ഭീകര പരിശീലനം നേടിയതെന്ന് പറയാനാണ് താൻ ഉദ്ദേശിച്ചതെന്ന് ശോഭ പിന്നീട് വിശദീകരിച്ചു.
കേരളത്തെ അടച്ചാക്ഷേപിച്ചും ശോഭ നേരത്തെ രംഗത്തെത്തിയിരുന്നു. ‘തമിഴ്നാട്ടിലെ ആളുകൾ ബോംബ് ഉണ്ടാക്കാൻ പരിശീലനം നേടി ബെംഗളൂരുവിൽ എത്തി സ്ഫോടനങ്ങൾ നടത്തുന്നുവെന്നും, കേരളത്തിൽ നിന്ന് ആളുകളെത്തി കർണാടകയിലെ പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നുവെന്നുമാണ്’ ശോഭ ശോഭ കരന്തലജെ പറഞ്ഞത്. ശോഭയുടെ പരാമർശങ്ങൾക്ക് എതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി





































