ബെംഗളൂരു: അനധികൃത ഇരുമ്പയിര് കടത്തിയ കേസിൽ സിബിഐ അറസ്‌റ്റ് ചെയ്‌ത കാർവാർ കോൺഗ്രസ് എംഎൽഎ സതീഷ് കൃഷ്‌ണ സെയിലിന്റെ ശിക്ഷ ഇന്ന് വിധിക്കും. ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെന്നും ഇളവ് വേണമെന്നും എംഎൽഎ കോടതിയിൽ വാദിച്ചതോടെയാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്.
സതീഷ് സെയിൽ, തുറമുഖ വകുപ്പ് ഡെപ്യൂട്ടി കൺസർവേറ്റർ മഹേഷ് കെ ബിലിയെ, ഖനിയുടമ ചേതൻ ഷാ തുടങ്ങി ഏഴുപേർ കുറ്റക്കാരാണെന്ന് ജനപ്രതിനിധികൾക്കുള്ള ബെംഗളൂരുവിലെ പ്രത്യേക കോടതി വ്യാഴാഴ്‌ച വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എംഎൽഎയെ അറസ്‌റ്റ് ചെയ്‌ത് പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റിയത്.
2010ലാണ് സംഭവം നടക്കുന്നത്. ഏകദേശം 7.74 ദശലക്ഷം ടൺ ഇരുമ്പയിര് ബിലികേരി തുറമുഖം വഴി അനധികൃതമായി കടത്തിയെന്നാണ് കേസ്. കർണാടക ലോകായുക്‌തയായിരുന്ന ജസ്‌റ്റിസ് സന്തോഷ് ഹെഗ്‌ഡെയുടെ ഇടപെടലിലൂടെ ആയിരുന്നു അന്ന് കുറ്റകൃത്യം പുറത്തുവന്നത്. സമാനമായ ആറുകേസുകളും എംഎൽഎക്കെതിരെയുണ്ട്. ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായ കോഴിക്കോട് സ്വദേശിയായ അർജുന് വേണ്ടിയുള്ള തിരച്ചിലിൽ സജീവമായ ഇടപെടൽ നടത്തിയ എംഎൽഎയായിരുന്നു സതീഷ് സെയിൽ.
Most Read| സംസ്‌ഥാനത്ത് ഇന്നും വ്യാപക മഴ തുടരും; എട്ട് ജില്ലകളിൽ യെല്ലോ അലർട്