തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് പുലർച്ചെയുണ്ടായ കനത്ത മഴയിൽ വ്യാപക നാശനഷ്‌ടം. ശക്‌തമായ കാറ്റിലും മഴയിലും ട്രാക്കുകളിൽ മരം വീണതിനാൽ ട്രെയിനുകൾ വൈകിയോടുകയാണ്. ആലപ്പുഴ വഴിയും കോട്ടയം വഴിയും എറണാകുളം തിരുവനന്തപുരം ഭാഗത്തേക്കുമുള്ള ട്രെയിനുകളാണ് വൈകുന്നത്. ഓച്ചിറക്കടുത്ത് ട്രാക്കിൽ മരം വീണതോടെ എറണാകുളത്തേക്കുള്ള ട്രെയിനുകൾ പിടിച്ചിട്ടു.
പാലരുവി എക്‌സ്‌പ്രസാണ് ഓച്ചിറയിൽ പിടിച്ചിട്ടിരിക്കുന്നത്. തകഴിക്കടുത്ത് മരം വീണതോടെ കൊല്ലം- ആലപ്പുഴ ട്രെയിൻ ഹരിപ്പാട് പിടിച്ചിട്ടിരിക്കുകയാണ്. നിസാമുദ്ദീൻ-തിരുവനന്തപുരം സൂപ്പർഫാസ്‌റ്റ് കൊല്ലം ജങ്ഷനിലും പിടിച്ചിട്ടിട്ടുണ്ട്. ആലപ്പുഴ തുറവൂരിൽ കാറിന് മുകളിൽ മരം വീണു. തൃശൂർ മലക്കപ്പാറയിൽ പാലത്തിന് സമീപം മണ്ണിടിഞ്ഞുവീണ് മലക്കപ്പാറയിലേക്കുള്ള ഗതാഗതം തടസപ്പെട്ടു.
കോട്ടയത്തും വലിയ നാശനഷ്‌ടം ഉണ്ടായി. കോട്ടയം, കുമരകം ഭാഗങ്ങളിൽ ശക്‌തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണു. ജില്ലയുടെ കിഴക്കൻ മേഖലയിൽ ഇടവിട്ട ശക്‌തമായ മഴ തുടരുകയാണ്. കുമരകത്തെ ഗ്രാമീണ റോഡുകളിൽ മരം വീണ് ഗതാഗത തടസമുണ്ടായി. നാട്ടകം പോളിടെക്‌നിക്കിന് സമീപം മരംവീണ് ഗതാഗത തടസമുണ്ടായി. എംസി റോഡിൽ നിന്ന് നാട്ടകം പോർട്ടിലേക്കുള്ള ഗതാഗതം പൂർണമായി തടസപ്പെട്ടു.
തിരുവനന്തപുരത്ത് പൊൻമുടി-വിതുര റോഡിൽ മരം വീണ് കെഎസ്ആർടിസി ബസ് ഉൾപ്പടെ കുടുങ്ങിക്കിടക്കുകയാണ്. കൊച്ച-ധനുഷ്‌കോടി ദേശീയപാതയിൽ വാളറയ്‌ക്കടുത്ത് ചീയപ്പാറയിലും മരം വീണ് ഗതാഗത തടസമുണ്ടായി. അതേസമയം, അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്‌തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇടത്തരം മഴക്കും സാധ്യതയുണ്ട്.
Most Read| ഏറ്റവും പുതിയ ഭൗമ നിരീക്ഷണ ഉപഗ്രഹം; എസ്എസ്എൽവി-ഡി3 ഭ്രമണപഥത്തിൽ