കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലെ പാർക്കിങ് ഫീസ് വർധന മരവിപ്പിച്ചു. ടാക്സി വാഹനങ്ങളുടെ പാർക്കിങ് ഫീസ് കുത്തനെ കൂട്ടിയതിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നു. ഇതോടെയാണ് എയർപോർട് അതോറിറ്റിയുടെ താൽക്കാലിക പിൻമാറ്റം.
ഈ മാസം 16നാണ് 40 രൂപയായിരുന്ന ടാക്സി വാഹനങ്ങളുടെ പാർക്കിങ് ഫീസ് ഒറ്റയടിക്ക് 283 ആയി ഉയർത്തിയത്. ഇതോടെ പ്രതിസന്ധിയിലായ ടാക്സി ഡ്രൈവർമാർ അന്നുമുതൽ പ്രതിഷേധത്തിലായിരുന്നു. വിമാനത്താവളത്തിന് മുന്നിൽ ഡ്രൈവർമാരും ടാക്സി ഉടമകളും നിരവധി തവണ സമരങ്ങളും നടത്തിയിരുന്നു.
യൂത്ത് കോൺഗ്രസ് അടക്കമുള്ള യുവജന സംഘടനകളും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. കൂടാതെ, നിരക്ക് വർധനയുമായി ബന്ധപ്പെട്ട് നിരവധി തർക്കങ്ങളും സംഘർഷവും വിമാനത്താവളത്തിൽ നടന്നിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് അധിക ഫീസ് ഈടാക്കേണ്ടതില്ലെന്ന് വിമാനത്താവള അതോറിറ്റി തീരുമാനിച്ചത്. അതേസമയം, ടാക്സി വാഹനങ്ങളുടേത് ഒഴികെയുള്ള മറ്റു നിരക്കുകൾ തുടരും.
Most Read| ബംഗാളി നടിയുടെ ആരോപണം; ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ച് രഞ്ജിത്ത്