‘എവിടേക്കും ഒളിച്ചോടിയിട്ടില്ല, എന്തിനും ഏതിനും ‘അമ്മ’യെ കുറ്റപ്പെടുത്തുന്നു’; മോഹൻലാൽ

കൂട്ടായെടുത്ത തീരുമാനപ്രകാരമാണ് 'അമ്മ' ഭരണസമിതി രാജിവെച്ചത്. ആർക്കുവേണമെങ്കിലും അമ്മയുടെ നേതൃത്വത്തിലേക്ക് വരാം. മലയാള സിനിമയെ നമുക്ക് രക്ഷിക്കണമെന്നും മോഹൻലാൽ പറഞ്ഞു.

By Trainee Reporter, Malabar News
Mohanlal
Representational Image
Ajwa Travels

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട് സ്വാഗതം ചെയ്യുന്നുവെന്ന് നടൻ മോഹൻലാൽ. ദൗർഭാഗ്യകരമായ കാര്യങ്ങളിൽ പ്രതികരിക്കേണ്ടി വന്നതിൽ വേദനയുണ്ടെന്നും മോഹൻലാൽ പറഞ്ഞു. ഇപ്പോൾ നടക്കുന്ന ആരോപണങ്ങളിൽ അമ്മയ്‌ക്ക് നേരെയാണ് എല്ലാവരും വിരൽ ചൂണ്ടുന്നത്. താൻ എവിടേക്കും ഒളിച്ചോടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് വെച്ച് നടന്ന കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിന് ശേഷം മാദ്ധ്യമങ്ങളെ കണ്ടു സംസാരിക്കുകയായിരുന്നു മോഹൻലാൽ. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സിനിമയിലെ മൊത്തത്തിലുള്ള കാര്യമാണ് പറയുന്നത്. സിനിമാ മേഖല ഒന്നാകെയാണ് പ്രതികരിക്കേണ്ടത്. ആധികാരികമായി പറയാൻ അറിയുന്ന ആളല്ല. എന്തിനും ഏതിനും അമ്മയെ കുറ്റപ്പെടുത്തുന്നതായി കാണുന്നു. എല്ലാത്തിനും അമ്മയല്ല ഉത്തരം നൽകേണ്ടത്. അഭിഭാഷകരും സിനിമയിലെ തലമുതിർന്ന ആളുകളുമായും സംസാരിച്ചതിന് ശേഷമാണ് പ്രസിഡണ്ട് പദവിയിൽ നിന്ന് പിൻമാറിയതെന്നും മോഹൻലാൽ വ്യക്‌തമാക്കി.

ഞാൻ എവിടെയും ഒളിച്ചോടി പോയിട്ടില്ല. എന്റെ വ്യക്‌തിപരമായ കാരണങ്ങളാൽ ഗുജറാത്തിലും മുംബൈയിലും മദ്രാസിലുമായിരുന്നു. ഭാര്യയുടെ സർജറിയുമായി ആശുപത്രിയിൽ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വളരെ ബുദ്ധിമുട്ടി ഉണ്ടാക്കിയെടുത്ത ഇൻഡസ്ട്രിയാണ്. ദയവ് ചെയ്‌ത്‌ എല്ലാ തെറ്റും ഞങ്ങളുടേത് മാത്രമായി കണക്കാക്കരുത്. ആയിരക്കണക്കിന് ജോലിക്കാറുള്ള വലിയ ഇൻഡസ്ട്രിയാണ് മലയാള സിനിമ. അത് നിശ്‌ചലമായി പോകും. കൂട്ടായെടുത്ത തീരുമാനപ്രകാരമാണ് ‘അമ്മ’ ഭരണസമിതി രാജിവെച്ചത്. ആർക്കുവേണമെങ്കിലും അമ്മയുടെ നേതൃത്വത്തിലേക്ക് വരാം. മലയാള സിനിമയെ നമുക്ക് രക്ഷിക്കണമെന്നും മോഹൻലാൽ പറഞ്ഞു.

പലർക്കും അറിഞ്ഞുകൂടാത്ത ഒരുപാട് ചാരിറ്റി പ്രവർത്തനങ്ങൾ ഞങ്ങൾ ചെയ്യുന്നുണ്ട്. തെറ്റുകുറ്റങ്ങൾ ഉണ്ടായേക്കാം. ഒരു സംഘടന മാത്രം ക്രൂശിക്കപ്പെടുന്നത് ശരിയല്ല. കേരളത്തിൽ നിന്നുള്ള ഒരു വലിയ മൂവ്മെന്റ് ആയി ഇത് മാറണം. സിനിമയിൽ മാത്രമല്ല, എല്ലാ മേഖലയിലും ഇതുപോലുള്ള കമ്മിറ്റികൾ ഉണ്ടാകണം. കുറ്റം ചെയ്‌തിട്ടുള്ള ആളുകൾ ശിക്ഷിക്കപ്പെടണമെന്നാണ് എന്റെ ആഗ്രഹമെന്നും മോഹൻലാൽ പറഞ്ഞു.

ഒറ്റദിവസം കൊണ്ട് ഞങ്ങൾ എങ്ങനെ നിങ്ങൾക്ക് അന്യൻമാരായി? സിനിമാ മേഖലയിലെ ശുദ്ധീകരണത്തിന് അമ്മയും സഹകരിക്കും. ശുദ്ധീകരണത്തിന്, നല്ല കാര്യത്തിനായുള്ള നീക്കങ്ങളിൽ സഹകരിക്കുമോ എന്ന ചോദ്യത്തിന് സഹകരിക്കും എന്ന് തന്നെയാണ് ഉത്തരം. ‘അമ്മ’ മാത്രമല്ല നിരവധി സംഘടനകൾ ഉണ്ട്. അവരെല്ലാവരുമായി മാദ്ധ്യമങ്ങൾ സംസാരിക്കണം. അവരുടെ അഭിപ്രായങ്ങളും ശേഖരിക്കണം. ഞാൻ പവർ ഗ്രൂപ്പിൽപ്പെട്ട ആളല്ല. ഇത് ആദ്യമായാണ് കേൾക്കുന്നതെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE