കൊച്ചി: യുവതിയുടെ പീഡന പരാതിയിൽ നടൻ നിവിൻ പോളിക്കെതിരെ കേസെടുത്ത് പോലീസ്. എറണാകുളം ഊന്നുകൽ പോലീസാണ് കേസെടുത്തത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ദുബായിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് നിവിനെതിരെ കേസെടുത്തിരിക്കുന്നത്. കേസിൽ ആറാം പ്രതിയാണ് നിവിൻ പോളി. നിർമാതാവ് എകെ സുനിലാണ് രണ്ടാം പ്രതി.
കേസിന്റെ അന്വേഷണം പ്രത്യേക അന്വേഷണ സംഘം ഏറ്റെടുക്കും. നേര്യമംഗലം ഊന്നുകൽ സ്വദേശിനിയാണ് പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ നവംബറിൽ ദുബായിലെ ഹോട്ടലിൽ വെച്ച് പീഡനം നടന്നെന്നാണ് ആരോപണം. ശ്രേയ എന്ന സ്ത്രീയാണ് അവസരം വാഗ്ദാനം ചെയ്ത് യുവതിയെ വിദേശത്തേക്ക് കൊണ്ടുപോയത്. ശ്രേയയാണ് കേസിലെ ഒന്നാം പ്രതി.
പരാതി ആദ്യം എത്തിയത് ഏറണാകുളം റൂറൽ എസ്പിക്കാണ്. പിന്നീട് ഊന്നുകൽ പോലീസിന് കൈമാറുകയായിരുന്നു. നിവിൻ പോളിക്കെതിരെ ബലാൽസംഗം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവന്നതിന് ശേഷമുള്ള വെളിപ്പെടുത്തലുകളിൽ എറണാകുളത്ത് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 11 അയി.
അതിനിടെ, ആരോപണത്തിൽ പ്രതികരണവുമായി നിവിൻ പോളി രംഗത്തെത്തി. തനിക്കെതിരായ പീഡന ആരോപണം വ്യാജമാണെന്ന് ഇൻസ്റ്റാഗ്രാം പോസ്റ്റ് വഴി നിവിൻ പ്രതികരിച്ചു. ആരോപണം വ്യാജമാണെന്ന് തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും നിവിൻ വ്യക്തമാക്കി.
Most Read| ബലാൽസംഗ കൊലപാതകത്തിന് വധശിക്ഷ; നിയമം പാസാക്കാൻ മമതാ സർക്കാർ