കൊച്ചി: യുവതിയുടെ പീഡന പരാതിയിൽ നടൻ നിവിൻ പോളിയുടെ അറസ്‌റ്റ് ഉടനില്ല. മറ്റു കേസുകളിലെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വിധി വരുന്നവരെ അറസ്‌റ്റ് വേണ്ടെന്നാണ് തീരുമാനം. നേരത്തെ യുവതി നൽകിയ പരാതിയിൽ എന്തുകൊണ്ട് കേസെടുത്തില്ലെന്നും അന്വേഷിക്കും. അതിനായി ഊന്നുകൽ സിഐയുടെ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
അതേസമയം, നിവിൻ പോളിക്കെതിരായ ബലാൽസംഗ കേസിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തും. ദുബായിൽ വെച്ച് മയക്കുമരുന്ന് നൽകി ബലാൽസംഗം ചെയ്‌ത ശേഷം നഗ്‌ന ദൃശ്യങ്ങൾ പകർത്തിയെന്നാണ് യുവതിയുടെ പരാതി. എന്നാൽ, ആരോപണം നിവിൻ പോളി നിഷേധിച്ചിരുന്നു.
യുവതിയുടെ പരാതിയിൽ ആറുപേർക്കെതിരെയാണ് എറണാകുളം ഊന്നുകൽ പോലീസ് കേസെടുത്തിരിക്കുന്നത്. കേസിൽ ആറാം പ്രതിയാണ് നിവിൻ പോളി. നിർമാതാവ് എകെ സുനിലാണ് രണ്ടാം പ്രതി. ഒന്നാംപ്രതി ശ്രേയ, മൂന്നാംപ്രതി ബിനു, നാലാം പ്രതി ബഷീർ, അഞ്ചാം പ്രതി കുട്ടൻ. കഴിഞ്ഞ നവംബറിൽ ദുബായിലെ ഹോട്ടലിൽ വെച്ച് പീഡനം നടന്നെന്നാണ് ആരോപണം. ശ്രേയ എന്ന സ്‌ത്രീയാണ് അവസരം വാഗ്‌ദാനം ചെയ്‌ത് യുവതിയെ വിദേശത്തേക്ക് കൊണ്ടുപോയത്.
അതിനിടെ, ആരോപണത്തിൽ പ്രതികരണവുമായി നിവിൻ പോളി രംഗത്തെത്തി. തനിക്കെതിരായ പീഡന ആരോപണം വ്യാജമാണെന്ന് നിവിൻ പ്രതികരിച്ചു. ആരോപണം വ്യാജമാണെന്ന് തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും നിവിൻ വ്യക്‌തമാക്കി.
”പീഡന പരാതി നൽകിയ യുവതിയെ കാണുകയോ സംസാരിക്കുകയോ ചെയ്‌തിട്ടില്ല. ആദ്യമായാണ് തനിക്കെതിരെ ഇത്തരം ആരോപണം. ഇത് പല രീതിയിൽ ബാധിക്കുന്നു. കുടുംബം ഉള്ളതാണ്. അതിനാൽ വസ്‌തുതകൾ മാദ്ധ്യമങ്ങൾ പരിശോധിക്കണം. പരാതിയിൽ പറഞ്ഞിട്ടുള്ള കാര്യം ചെയ്‌തിട്ടില്ലാ എന്ന് നൂറുശതമാനം ഉറപ്പ് ഉള്ളതിനാലാണ് മാദ്ധ്യമങ്ങളെ കണ്ട് സംസാരിക്കുന്നത്.
എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തതിനാൽ നിയമപോരാട്ടം നടത്തും. അതിനായി ഏതറ്റം വരെയും പോകും. നാളെ മറ്റുള്ളവർക്ക് എതിരെയും ആരോപണം വരും. അവർക്ക് കൂടി വേണ്ടിയാണ് ഇപ്പോൾ സംസാരിക്കുന്നത്. സത്യാവസ്‌ഥ തെളിയിക്കാൻ ശാസ്‌ത്രീയ അന്വേഷണത്തിന് സഹകരിക്കാനും തയ്യാറാണ്.
എനിക്ക് വേണ്ടി സംസാരിക്കാൻ ഞാൻ മാത്രമേയുള്ളൂ. സത്യം തെളിയുമ്പോഴും മാദ്ധ്യമങ്ങൾ കൂടെ നിൽക്കണം. ഒന്നരമാസം മുമ്പാണ് ഊന്നുകൽ സ്‌റ്റേഷനിൽ നിന്ന് സിഐ വിളിച്ച് പരാതിയെക്കുറിച്ച് പറയുന്നത്. പെൺകുട്ടിയെ അറിയില്ലെന്ന് ഞാൻ പറഞ്ഞു. കള്ളക്കേസാണെന്ന് വ്യക്‌തമായതായി പറഞ്ഞ് കേസ് പോലീസ് ക്ളോസാക്കി. പരാതി കൊടുക്കട്ടെ എന്ന് ഞാൻ പോലീസിനോട് ചോദിച്ചിരുന്നു. ഇത്തരം കേസുകൾ വരാറുണ്ടെന്നും അതിനെ ആ വഴിക്ക് വിടാനും പോലീസ് പറഞ്ഞു.
വക്കീലും സമാനമായ ഉപദേശമാണ് നൽകിയത്. നിയമപരമായി എല്ലാ കാര്യങ്ങളിലും സഹകരിക്കും. ഇത് മനഃപൂർവമായ ആരോപണമാണ്. ഇതിനെല്ലാം പിന്നിൽ ഗൂഢാലോചന ഉണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. കുടുംബത്തെയാണ് ഇത്തരം ആരോപണങ്ങൾ കൂടുതൽ ബാധിക്കുക. എന്റെ കുടുംബം എന്നോടൊപ്പം ഉണ്ട്. വാർത്ത വന്നപ്പോൾ അമ്മയെ ആണ് ആദ്യം വിളിച്ചത്. നീ ധൈര്യമായിരിക്കാനാണ് അമ്മ പറഞ്ഞത്”- നിവിൻ പോളി പറഞ്ഞു.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ