കൊച്ചി: താരസംഘടനയായ ‘അമ്മ’ പിളർപ്പിലേക്കെന്ന് റിപ്പോർട്. ഭാരവാഹികൾ കൂട്ടമായി രാജിവെച്ചതിന് പിന്നാലെ, അഭിനേതാക്കൾക്ക് ട്രേഡ് യൂണിയൻ സ്വഭാവത്തോടെയുള്ള സംഘടന വേണമെന്ന് ആവശ്യപ്പെട്ട് 20ഓളം പേർ രംഗത്തെത്തി. ഇക്കാര്യം ആവശ്യപ്പെട്ട് ഇവർ വിവിധ ട്രേഡ് യൂണിയനുകളുടെ കൂട്ടായ്‌മയായ ഫെഫ്‌കയെ സമീപിച്ചു.
എന്നാൽ, അമ്മ പിളർപ്പിലേക്കെന്ന് പറയാൻ പറ്റില്ലെന്നും ട്രേഡ് യൂണിയൻ രൂപത്തിലുള്ള സംഘടന രൂപീകരിക്കുന്ന കാര്യത്തെ കുറിച്ചാണ് ആലോചന നടന്നതെന്നും ഫെഫ്‌ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്‌ണൻ വ്യക്‌തമാക്കി. അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണെന്നും രാഷ്‌ട്രീയ പാർട്ടികളെ പോലെ പെരുമാറാൻ കഴിയില്ലെന്നും ‘അമ്മ’ നേതൃത്വം പലപ്പോഴും വ്യക്‌തമാക്കിയിരുന്നു.
എന്നാൽ, പലപ്പോഴും അഴകൊമ്പൻ നിലപാടിന് പകരം കൃത്യമായ നിലപാട് സ്വീകരിക്കണമെന്ന അഭിപ്രായമുള്ളവർ സംഘടനയിലുണ്ട്. ഒരു ട്രേഡ് യൂണിയൻ രൂപീകരിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ നേരത്തെ തന്നെ തുടങ്ങുകയും ചെയ്‌തിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവന്നതിന് ശേഷമുണ്ടായ ദുർബലമായ പ്രതികരണം അമ്മയ്‌ക്കുള്ളിൽ തന്നെ പൊട്ടിത്തെറികൾക്ക് വഴിവെക്കുകയും ഇതിന് പിന്നാലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഒന്നടങ്കം രാജിവെക്കുകയുമായിരുന്നു.
ഇതിനിടെയാണ് സംഘടനയിലെ 20 ഓളം അംഗങ്ങൾ ട്രേഡ് യൂണിയൻ രൂപീകരിക്കുന്ന കാര്യങ്ങളുമായി ഫെഫ്‌ക ചെയർമാൻ സിബി മലയിലിനെയും ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്‌ണനെയും കാണുന്നത്. എന്നാൽ, പിളർപ്പല്ല അവർ ഉദ്ദേശിക്കുന്നതെന്നും അമ്മ നിലനിർത്തിക്കൊണ്ടു തന്നെ ഒരു ട്രേഡ് യൂണിയൻ രൂപീകരിക്കുക എന്നതായിരുന്നു ആലോചനയെന്നും ബി ഉണ്ണികൃഷ്‌ണൻ വ്യക്‌തമാക്കി.
സിനിമയിലെ വിവിധ മേഖലകളിലുള്ള 21 യൂണിയനുകൾ ഇപ്പോൾ തന്നെ ഫെഫ്‌കയിലുണ്ട്. പുതിയ ഒരു യൂണിയനെ ഉൾപ്പെടുത്തണമെങ്കിൽ ജനറൽ കൗൺസിൽ കൂടി അംഗീകാരം നേടുകയും പിന്നീട് സംഘടനയുടെ നിയമാവലികളും ചട്ടക്കൂടുമൊക്കെ രൂപം നൽകുകയും വേണമെന്ന് തന്നെ സമീപിച്ചവരോട് വ്യക്‌തമാക്കിയെന്നും ഉണ്ണികൃഷ്‌ണൻ പറഞ്ഞു.
Most Read| വലിയ അന്തർവാഹിനികൾ നിർമിക്കാൻ നാവികസേന; മനുഷ്യസാന്നിധ്യം വേണ്ട