കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ രണ്ടാം ഘട്ട വിചാരണ നടപടികൾക്ക് തുടക്കമായി. കോടതിയുടെ ചോദ്യം ചെയ്യൽ ആരംഭിച്ചു. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പൾസർ സുനിക്ക് കഴിഞ്ഞ സെപ്‌തംബർ 17ആം തീയതി സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനിടെ തന്നെ ആക്രമിച്ച ദൃശ്യങ്ങൾ അനധികൃതമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട് അതിജീവിത നൽകിയ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
വിചാരണ നടപടികൾ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ നടൻ ദിലീപും കേസിലെ ഒന്നാം പ്രതി പൾസർ സുനിയും വീണ്ടും നേർക്കുനേർ എത്തിയിരിക്കുകയാണ്. ഇരുവരും ഉൾപ്പെടെയുള്ള പ്രതികൾ ഇന്ന് കോടതിയിൽ ഹാജരായിരുന്നു. പ്രതികളെ കോടതി നേരിട്ട് വിസ്‌തരിക്കുന്നത് ഇന്നു മുതൽ ആരംഭിച്ചു. അടച്ചിട്ട കോടതി മുറിയിലാണ് നടപടിക്രമങ്ങൾ പുരോഗമിക്കുന്നത്. പ്രതികളുടെ വിസ്‌താരം പൂർത്തിയായാൽ കേസുമായി ബന്ധപ്പെട്ട വാദം കേൾക്കലിലേക്കും തുടർന്ന് വിധിയിലേക്കും പോകും.
2017ൽ നടന്ന കേസിൽ ഏഴര വർഷത്തിനു ശേഷം ഈ മാസം 20നാണ് പൾസർ സുനി ജാമ്യത്തിലിറങ്ങിയത്. സുപ്രീം കോടതി ജാമ്യം അനുവദിച്ചതോടെയാണിത്. നേരത്തെ കേസിന്റെ വിചാരണാ നടപടികൾ നടക്കുന്ന സമയങ്ങളിൽ പൊലീസ് അകമ്പടിയോടെയാണ് പൾസർ സുനി കോടതിയിൽ എത്തിയിരുന്നത് എങ്കിൽ ഇന്നലെ സ്വതന്ത്രനായി എത്തി എന്നതായിരുന്നു വ്യത്യാസം. നേരത്തെ കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്ന സമയത്ത് ദിലീപും പൾസർ സുനിയും ഒന്നിച്ച് കോടതി മുറിയിലെത്തിയിരുന്നു. ഇന്ന് കോടതി മുറിക്കുള്ളിൽ കേസിലെ 13 പ്രതികളിൽ 12 പേരും ഹാജരായി.
നേരത്തെ കേസിന്റെ വിചാരണ ഘട്ടത്തിൽ പ്രോസിക്യൂഷൻ സാക്ഷികളെയും അന്വേഷണ ഉദ്യോഗസ്‌ഥരെയും കോടതി വിസ്‌തരിച്ചിരുന്നു. ഇതിനു പിന്നാലെ പ്രതിഭാഗം സാക്ഷികളുടെ വിസ്‌താരവും കഴിഞ്ഞ സാഹചര്യത്തിലാണ് ഇന്നു മുതൽ പ്രതികളുടെ വിസ്‌താരം ആരംഭിച്ചത്. ഷൂട്ടിങ്ങിനു ശേഷം തിരികെ വരികയായിരുന്ന നടിയുടെ കാറിനു പിന്നിൽ വാഹനമിടിപ്പിച്ച് നിർത്തുകയും അതിക്രമിച്ചു കയറി ലൈംഗികമായി ആക്രമിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ പകര്‍ത്തുകയും ചെയ്‌തു എന്നാണ് കേസ്. നടൻ ദിലീപ് കേസിൽ എട്ടാം പ്രതിയാണ്.
SPOTLIGHT | സ്‌ത്രീകൾക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകി യുഎഇ