ഫോൺ ചോർത്തി, മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; അൻവറിനെതിരെ പോലീസ് കേസ്

പോലീസ് ഉദ്യോഗസ്‌ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ പ്രശ്‌നമുണ്ടാക്കാൻ പിവി അൻവർ ശ്രമിച്ചുവെന്നാണ് പരാതി. ഫോൺ സംഭാഷണം മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായും പരാതിയിൽ പറയുന്നുണ്ട്.

By Trainee Reporter, Malabar News
PV Anvar
Ajwa Travels

കോട്ടയം: നിലമ്പൂർ എംഎൽഎ പിവി അൻവറിനെതിരെ കേസെടുത്ത് പോലീസ്. ഫോൺ ചോർത്തിയെന്ന പരാതിയിലാണ് കേസ്. കോട്ടയം സ്വദേശി തോമസ് പീലിയാനിക്കലിന്റെ പരാതിയിൽ ഭാരതീയ ന്യായ സംഹിതയിലെ 192 വകുപ്പ് അനുസരിച്ചാണ് കറുകച്ചാൽ പോലീസ് അൻവറിനെതിരെ കേസെടുത്തത്.

എൽഡിഎഫ് വിട്ട പിവി അൻവർ ഇന്ന് നിലമ്പൂരിൽ പൊതുസമ്മേളനം വിളിച്ചു രാഷ്‌ട്രീയ വിശദീകരണം നടത്താനിരിക്കെയാണ് പോലീസ് നടപടി. പോലീസ് ഉദ്യോഗസ്‌ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ പ്രശ്‌നമുണ്ടാക്കാൻ പിവി അൻവർ ശ്രമിച്ചുവെന്നാണ് പരാതി. ഫോൺ സംഭാഷണം മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായും പരാതിയിൽ പറയുന്നുണ്ട്.

”പൊതുസുരക്ഷയെ ബാധിക്കത്തക്ക വിധത്തിൽ സംസ്‌ഥാനത്തെ ഉന്നത ഉദ്യോഗസ്‌ഥരുടെയും മറ്റും ഫോൺ വിവരങ്ങൾ ടെലികമ്യൂണിക്കേഷൻ സംവിധാനത്തിൽ നിയമവിരുദ്ധമായി കടന്നുകയറി ചോർത്തി. അത് ദൃശ്യമാദ്ധ്യമങ്ങളിലൂടെ പരസ്യമായി വെളിപ്പെടുത്തി പൊതുജനങ്ങൾക്കിടയിൽ പരസ്‌പരം പകയും ഭീതിയും ഉണ്ടാക്കുന്നതിനും കലാപം ഉണ്ടാക്കുന്നതിനും വേണ്ടി മാദ്ധ്യമങ്ങളെ കണ്ടു”- എഫ്‌ഐആറിൽ പറയുന്നു.

മലപ്പുറം മുൻ എസ്‌പി സുജിത് ദാസുമായുള്ള ഫോൺ സംഭാഷണവും ചില ഉദ്യോഗസ്‌ഥരുടെ സംഭാഷണവും അൻവർ നേരത്തെ പുറത്തുവിട്ടിരുന്നു. സംഭാഷണം പുറത്തുവന്നതിനെ തുടർന്ന് സുജിത് ദാസിനെ സർക്കാർ സസ്‌പെൻഡ് ചെയ്‌തു. ഫോൺ സംഭാഷണത്തിന്റെ പേരിൽ അന്ന് അൻവറിനെതിരെ കേസെടുത്തിരുന്നില്ല. എൽഡിഎഫിൽ നിന്ന് പുറത്തുപോയതിന് പിന്നാലെയാണ് കേസെടുത്തത്.

പിവി അൻവറും ആരോപണ വിധേയനായ എഡിജിപി എംആർ അജിത് കുമാറും ആരുടേയും ഫോൺ ചോർത്തിയിട്ടില്ലെന്ന് സംസ്‌ഥാന സർക്കാർ ഗവർണറെ അറിയിച്ചിരുന്നു. ഫോൺ ചോർത്തലിൽ സ്വീകരിച്ച നടപടി അറിയിക്കാൻ ഗവർണർ ആവർത്തിച്ച് ആവശ്യപ്പെട്ടതോടെയാണ് സർക്കാർ റിപ്പോർട് നൽകിയത്. എഡിജിപി, മുഖ്യമന്ത്രി ഉൾപ്പടെ പലരുടെയും ഫോൺ ചോർത്തിയെന്നും ഇതിന് മറുപടിയായി താൻ എഡിജിപിയുടെയും അദ്ദേഹവുമായി ബന്ധപ്പെട്ടവരുടെയും ഫോൺ ചോർത്തിയെന്നും അൻവർ വാർത്താ സമ്മേളനത്തിലാണ് ആരോപിച്ചത്.

Most Read| നസ്‌റല്ലയെ വധിച്ചതിന് പ്രതികാരം ചെയ്‌തിരിക്കും; ഇറാനിൽ അഞ്ച് ദിവസത്തെ ദുഃഖാചരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE