മലപ്പുറം: നിലമ്പൂർ എംഎൽഎ പിവി അൻവറിന്റെ വീടിന് സുരക്ഷയൊരുക്കി പോലീസ്. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവിന്റെ അടിസ്‌ഥാനത്തിലാണ് ഒതായിലെ വീടിന് പുറത്ത് എടവണ്ണ പോലീസ് പിക്കറ്റ് സ്‌ഥാപിച്ചിരിക്കുന്നത്. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് അൻവർ, ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് നടപടി.
24 മണിക്കൂറും പോലീസ് പിക്കറ്റ് വീടിന് പുറത്ത് വേണമെന്നും ജില്ലാ പോലീസ് മേധാവി നിർദ്ദേശിച്ചിട്ടുണ്ട്. എടവണ്ണ പോലീസ് സ്‌റ്റേഷനിലെ ഒരു എസ്ഐയെയും മൂന്ന് സിവിൽ പോലീസ് ഓഫീസർമാരെയുമാണ് സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്. നേരത്തെ നൽകിയ ഗൺമാൻ സുരക്ഷയ്‌ക്ക് പുറമെയാണ് പോലീസിന്റെ അധിക ചുമതല.
അതിനിടെ, പിവി അൻവറിന് പിന്തുണ പ്രഖ്യാപിച്ച് നിലമ്പൂരിൽ ഫ്‌ളക്‌സ് ബോർഡുകൾ സ്‌ഥാപിച്ചിട്ടുണ്ട്. ഒതായിലെ അൻവറിന്റെ വീടിന് മുന്നിലും ചുള്ളിയോടുമാണ് ഫ്‌ളക്‌സ് ബോർഡുകൾ സ്‌ഥാപിച്ചത്. ചുള്ളിയോട് പ്രവാസി സഖാക്കളുടെ പേരിലാണ് ഫ്‌ളക്‌സ്. അതിനിടെ, അൻവറിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് സിപിഎം മുൻ ലോക്കൽ സെക്രട്ടറി രംഗത്തെത്തി. ഇഎ സുകുവാണ് അൻവറിനെ പിന്തുണച്ച് രംഗത്തെത്തിയത്. ചന്തമുക്കിൽ നടക്കുന്ന യോഗത്തിൽ അൻവറിനെ പിന്തുണച്ച് ആയിരത്തോളം പേർ പങ്കെടുക്കുമെന്നാണ് സൂചന.
Most Read| നസ്‌റല്ലയെ വധിച്ചതിന് പ്രതികാരം ചെയ്‌തിരിക്കും; ഇറാനിൽ അഞ്ച് ദിവസത്തെ ദുഃഖാചരണം