കണ്ണർ: ഉപജീവന മാർഗമായിരുന്ന ഓട്ടോറിക്ഷ കത്തിച്ചതിനെ തുടർന്ന് ദീർഘകാലമായി സിപിഎമ്മുമായി പോരാടിയിരുന്ന ചിത്രലേഖ (48) അന്തരിച്ചു. അർബുദ ബാധിതയായി ചികിൽസയിൽ ആയിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ ഒമ്പത് മണിയോടെ വീട്ടിലെത്തിക്കും. 10.30ന് പയ്യാമ്പലത്താണ് സംസ്‌കാരം.
ഏക വരുമാന മാർഗമായിരുന്ന ഓട്ടോറിക്ഷ സിപിഎം പ്രവർത്തകർ കത്തിച്ചുവെന്ന് ആരോപിച്ചു നടത്തിയ പ്രക്ഷോഭങ്ങളിലൂടെയാണ് ചിത്രലേഖ സംസ്‌ഥാനത്ത് ചർച്ചയായത്. തൊഴിൽ ചെയ്‌ത് ജീവിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി അതിജീവനത്തിനായി സിപിഎമ്മിനോട് ദീർഘകാലമായി പോരാടിയിരുന്ന വനിതാ ഓട്ടോ ഡ്രൈവറാണ് ചിത്രലേഖ.
സ്വന്തം നാടായ കണ്ണൂർ പയ്യന്നൂർ എടാട്ടുനിന്ന് പ്രാദേശിക സിപിഎം നേതൃത്വത്തിന്റെയും അവിടുത്തെ ഒരുവിഭാഗം ഓട്ടോ തൊഴിലാളികളുടെയും ഭീഷണി കാരണം അവർക്ക് നാട്ടിൽ നിന്ന് മാറേണ്ടിവന്നിരുന്നു. വടകര സ്വദേശി ശ്രീഷ്‌കാന്തുമായുള്ള വിവാഹത്തെ തുടർന്നാണ് സിപിഎം എതിരായതെന്നാണ് ചിത്രലേഖ പറഞ്ഞിരുന്നത്. ദളിത് വിഭാഗത്തിൽപ്പെട്ട ചിത്രലേഖയെ വിവാഹം ചെയ്‌ത ശ്രീഷ്‌കാന്ത് മറ്റൊരു സമുദായക്കാരൻ ആയിരുന്നു.
വടകരയിൽ നിന്ന് ശ്രീഷ്‌കാന്തിന് വിവാഹശേഷം ചിത്രലേഖയുടെ നാടായ എടാട്ടേക്ക് മാറേണ്ടിവന്നിരുന്നു. ഓട്ടോ ഡ്രൈവറായ ശ്രീഷ്‌കാന്തിന് പുറമെ ചിത്രലേഖയും സർക്കാർ പദ്ധതിയിൽ ഓട്ടോ വാങ്ങി. 2004 ഒക്‌ടോബറിലായിരുന്നു അത്. എടാട്ട് ഓട്ടോ ഓടിക്കാൻ തുടങ്ങിയതോടെ പ്രദേശത്തെ സിഐടിയു തൊഴിലാളികൾ ഇവർക്ക് എതിരായി. വണ്ടി ട്രാക്കിലിടാനോ ആളുകളെ കയറ്റാനോ ഇവർ സമ്മതിച്ചില്ല.
പിന്നാലെ, 2005 ഡിസംബർ 31ന് ചിത്രലേഖയുടെ ഓട്ടോ തീയിട്ട് നശിപ്പിച്ചു. ഇത് സംസ്‌ഥാനത്ത് വലിയ വിവാദമായി. തുടർന്ന് സന്നദ്ധ സംഘടനകൾ പുതിയ ഓട്ടോ വാങ്ങി നൽകിയെങ്കിലും എടാട്ട് ഓടിക്കാൻ സിപിഎം പ്രവർത്തകർ അനുവദിച്ചില്ലെന്നായിരുന്നു ആരോപണം. പിന്നീട് 2023ലും ഓട്ടോ തീയിട്ട് നശിപ്പിച്ചിരുന്നു.
തൊഴിലെടുത്ത് ജീവിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 122 ദിവസം കണ്ണൂർ കളക്‌ട്രേറ്റിന് മുന്നിലും പിന്നീട് 47 ദിവസം സെക്രട്ടറിയേറ്റിന് മുന്നിലും ചിത്രലേഖ സമരം നടത്തി. ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ കാട്ടാമ്പള്ളിയിൽ ചിത്രലേഖക്ക് വീടുവെക്കാൻ അനുവദിച്ച സ്‌ഥലവും പണവും എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ റദ്ദാക്കി. പിന്നീട് കോടതിയെ സമീപിച്ചു സർക്കാർ നടപടിക്ക് സ്‌റ്റേ വാങ്ങിയാണ് ചിത്രലേഖ വീടുവെച്ചത്.
Most Read| രണ്ട് തലയും ഒരു ഉടലും; അപൂർവ രൂപത്തിലുള്ള പശുക്കുട്ടിയെ കാണാൻ ജനത്തിരക്ക്








































