ചെന്നൈ: സിപിഎമ്മുമായുളള ഉടക്കിന് പിന്നാലെ നിർണായക നീക്കവുമായി പിവി അൻവർ എംഎൽഎ. രാഷ്ട്രീയ വിവാദങ്ങൾക്കിടെ ഡിഎംകെ നേതാക്കളുമായി പിവി അൻവർ ചർച്ച നടത്തി. നാളെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കാനിരിക്കെയാണ് അപ്രതീക്ഷിത കൂടിക്കാഴ്ച. തമിഴ്നാട്ടിലെ ലീഗ് നേതാക്കളെയും അൻവർ കണ്ടതായാണ് വിവരം.
ചെന്നൈയിലെ കെടിഡിസി റെയിൽ ഡ്രോപ്സ് ഹോട്ടലിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. മുസ്ലിം ലീഗിന്റെ തമിഴ്നാട് ജനറൽ സെക്രട്ടറി കെഎഎം മുഹമ്മദ് അബൂബക്കർ, ലീഗിന്റെ മറ്റു സംസ്ഥാന നേതാക്കൾ എന്നിവർ ചെന്നൈയിലെ കൂടിക്കാഴ്ചയിൽ പങ്കെടുത്തതായാണ് വിവരം. കൂടിക്കാഴ്ചയിൽ ഡിഎംകെയുടെ രാജ്യസഭാംഗം എംപി എംഎ അബ്ദുള്ളയും പങ്കെടുത്തു.
അതേസമയം, കൂടിക്കാഴ്ചയെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാൻ കെഎഎം മുഹമ്മദ് അബൂബക്കർ തയ്യാറായില്ല. അതിനിടെ, അൻവറിന്റെ മകൻ സെന്തിൽ ബാലാജിയുമായി കൂടിക്കാഴ്ച നടത്തിയെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്.
പുതിയ പാർട്ടി രൂപീകരിക്കുമെന്ന് നിലമ്പൂർ എംഎൽഎ പിവി അൻവർ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. തന്റെ ഇപ്പോഴത്തെ പോരാട്ടം രാഷ്ട്രീയ പാർട്ടിയായി മാറും. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മൽസരിക്കുമെന്നും അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും മൽസരിക്കും. യുവാക്കളുടെ പിന്തുണ ലഭിക്കും. പരിപൂർണ മതേതര സ്വഭാവമുള്ള പാർട്ടിയായിരിക്കും രൂപീകരിക്കുകയെന്നും അൻവർ വ്യക്തമാക്കി.
Most Read| ഡെങ്കിപ്പനി; ആഗോളപദ്ധതി വേണമെന്ന് ലോകാരോഗ്യ സംഘടന