മലപ്പുറം: ‘ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള’ എന്ന സാമൂഹിക സംഘടന പ്രഖ്യാപിച്ച് പിവി അൻവർ എംഎൽഎ. മലപ്പുറം മഞ്ചേരിയിലെ പൊതുസമ്മേളനത്തിലാണ് പ്രഖ്യാപനം. ഇന്ത്യൻ ജനാധിപത്യത്തിന് കാവലാവശ്യമാണെന്നും അതിനുവേണ്ടി ഭരണഘടനാ സംരക്ഷണ പ്രസ്‌ഥാനമായി സംഘടന നിലകൊള്ളുമെന്നും പിവി അൻവർ പറഞ്ഞു.
എല്ലാ പൗരൻമാർക്കും രാഷ്‌ട്രീയ, സാമൂഹിക, സാമ്പത്തിക നീതിയാണ് സംഘടന ലക്ഷ്യമിടുന്നത്. കൂടാതെ, വിശ്വാസത്തിനുള്ള സ്വാതന്ത്ര്യം, സമത്വം എന്നിവ സാക്ഷാത്കരിക്കാനുള്ള സാമൂഹിക മുന്നേറ്റവും സംഘടനയുടെ ലക്ഷ്യങ്ങളാണെന്നും അൻവർ വ്യക്‌തമാക്കി.
സാമൂഹിക നീതിയിൽ അധിഷ്‌ഠിതമായ ജനാധിപത്യ സോഷ്യലിസ്‌റ്റ് നയം നടപ്പാക്കും. ദേശീയ പാരമ്പര്യത്തിലും ഫെഡറലിസത്തിലും അധിഷ്‌ഠിതമായ ജനാധിപത്യ കാഴ്‌ചപ്പാടാകും ഡിഎംകെ മുന്നോട്ടുവെക്കുക. കേരളത്തിന്റെ സാമൂഹിക സാമ്പത്തിക വിഭജനം കണ്ടെത്തി പരിഹരിക്കുകയാണ് സംഘടനയുടെ നയമെന്നും പൊതുസമ്മേളനത്തിൽ അൻവർ പ്രഖ്യാപിച്ചു.
പിവി അൻവർ പ്രഖ്യാപിച്ച ഡിഎംകെയുടെ പ്രധാന നയങ്ങൾ
1. ജാതി സെൻസസ് നടത്തണം
2. പ്രവാസികൾക്ക് വോട്ടവകാശം
3. മലപ്പുറം, കോഴിക്കോട് ജില്ലകളെ വിഭജിച്ചു പുതിയ ജില്ല പ്രഖ്യാപിക്കണം
4. മലബാറിനോടുള്ള അവഗണന അവസാനിപ്പിക്കണം
5. വിദ്യാഭ്യാസ വായ്‌പാ ബാധ്യതകൾ എഴുതിത്തള്ളണം
6. സംരംഭക സംരക്ഷണ നിയമം അടിയന്തിരമായി നടപ്പാക്കണം
7. തിരികെയെത്തുന്ന പ്രവാസികൾക്കായി പദ്ധതികൾ
8. സൗജന്യ വിദ്യാഭ്യാസം
9. മേക്ക് ഇൻ കേരള പദ്ധതി ജനകീയമാക്കണം
10. വഴിയോര കച്ചവടക്കാർക്ക് കച്ചവട സൗഹൃദ വായ്‌പ നടപ്പാക്കണം
11. തൊഴിലില്ലായ്‌മ വേതനം മിനിമം 2000 രൂപയാക്കണം
12. വയോജന ക്ഷേമനയം നടപ്പാക്കണം
13. വയോജന വകുപ്പ് രൂപീകരിക്കണം
14. തീരദേശ അവകാശ നിയമം പാസാക്കണം
15. പ്രത്യേക കാർഷിക വകുപ്പ് അവതരിപ്പിക്കണം
16. ഓൺലൈൻ കച്ചവടം നിരുൽസാഹപ്പെടുത്തണം
17. വന്യമൃഗ ആക്രമണത്തിന്റെ നഷ്‌ടപരിഹാരം 50 ലക്ഷമാക്കണം.
മഞ്ചേരിയിലെ പൊതുസമ്മേളന വേദിയിലെത്തിയ അൻവറിനെ മുദ്രാവാക്യം വിളികളോടെയാണ് പ്രവർത്തകർ അഭിവാദ്യം ചെയ്‌തത്. ഡിഎംകെയുടെ കൊടി കെട്ടിയും ഷാളണിഞ്ഞും അൻവറിന് പിന്തുണയുമായി നൂറുകണക്കിന് പേരാണ് മഞ്ചേരിയിലേക്ക് എത്തിയത്. എന്നാൽ, പ്രവർത്തകർ പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്നത് പാർട്ടിയുടെ അറിവോടെ അല്ലെന്നാണ് ഡിഎംകെയുടെ വിശദീകരണം.
ഡിഎംകെ മുന്നണിയിലെ പ്രധാന കക്ഷിയാണ് സിപിഎമ്മെന്നും അവരെ പിണക്കുന്ന നയം സ്വീകരിക്കില്ലെന്നും അൻവറിന്റെ പൊതുസമ്മേളനത്തിന് മുന്നോടിയായി ഡിഎംകെ വ്യക്‌തമാക്കിയിരുന്നു. ഇടതു മുന്നണിയോട് ഇടഞ്ഞ് കഴിഞ്ഞ ദിവസമാണ് അൻവർ പാർട്ടി പ്രഖ്യാപനം നടത്തിയത്.
Most Read| കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ; ഇന്ത്യക്ക് അഭിമാന റെക്കോർഡ്