തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. കണ്ണൂർ ജില്ലാ പോലീസ് മേധാവി അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് കേസ് അന്വേഷിക്കുക. കണ്ണൂർ റേഞ്ച് ഡിഐജിക്കാണ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല.
ഉത്തരമേഖലാ ഐജിയാണ് വിവാദ സംഭവത്തിൽ അന്വേഷണം നടത്തിയത്. ഓരോ രണ്ടാഴ്‌ചയിലും അന്വേഷണ പുരോഗതി റിപ്പോർട് നൽകാൻ നിർദ്ദേശമുണ്ട്. കേസിൽ ആത്‍മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട മുൻ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യയെ ഇതുവരെ അറസ്‌റ്റ് ചെയ്‌തിട്ടില്ല. അവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഈ മാസം 29ന് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയും.
അതേസമയം, റവന്യൂ വകുപ്പിന്റെ ആഭ്യന്തര അന്വേഷണം പൂർത്തിയാക്കിയ ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ എ ഗീത ഇന്നലെ റിപ്പോർട് സമർപ്പിച്ചിരുന്നു. പിപി ദിവ്യയെ കൂടുതൽ കുരുക്കിലാക്കുന്ന കണ്ടെത്തലുകളാണ് റിപ്പോർട്ടിലുള്ളത്. പെട്രോൾ പമ്പുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണത്തിൽ മുൻ എഡിഎം നവീൻ ബാബുവിന് ക്ളീൻ ചിറ്റ് നൽകുന്നതാണ് റിപ്പോർട്. പെട്രോൾ പമ്പുമായി ബന്ധപ്പെട്ട എൻഒസി നവീൻ ബാബു വൈകിപ്പിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നുണ്ട്.
ഫയലുകൾ വെച്ചുതാമസിച്ചിരുന്ന ആളല്ല നവീൻ ബാബുവെന്നും ക്രമവിരുദ്ധമായി അദ്ദേഹം ഒന്നും ചെയ്‌തിട്ടില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണവും തള്ളിക്കളയുന്നതാണ് റിപ്പോർട്. കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പിന്നാലെയാണ് ആറംഗ സംഘത്തിനെ കേസ് അന്വേഷണം ഏൽപ്പിച്ചത്.
അന്വേഷണ സംഘം ഇന്ന് എഡിഎമ്മിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തന്റെ ഭാര്യാ സഹോദരനെ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. കണ്ണൂർ ടൗൺ പോലീസാണ് കേസ് അന്വേഷിച്ചിരുന്നത്. ജില്ലാ ഭരണകൂടത്തിലെ രണ്ടാമത്തെ ഉദ്യോഗസ്‌ഥനാണ് നവീൻ ബാബു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യയാണ് പ്രതിസ്‌ഥാനത്ത്. ഉന്നത സ്‌ഥാനീയരാണ് രണ്ടുപേരുമെന്നതാണ് കേസ് ജില്ലാ പോലീസ് മേധാവിക്ക് കൈമാറാൻ കാരണം.
നിലവിൽ കേസ് അന്വേഷിക്കുന്ന കണ്ണൂർ ടൗൺ പോലീസ് എസ്‌എച്ച്ഒമാരായ ശ്രീജിത്ത് കോടേരി, സനൽ കുമാർ, എസ്‌ഐമാരായ നവ്യ സജി, രേഷ്‌മ, സൈബർ സെൽ എഎസ്ഐ ശ്രീജിത്ത് എന്നിവരാണ് പുതിയ പ്രത്യേക അന്വേഷണ സംഘത്തിലെ മറ്റു അംഗങ്ങൾ.
Most Read| കിടക്കയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണോ? ബാക്‌ടീരിയ നിങ്ങളെ ഇല്ലാതാക്കും!







































