ടെഹ്‌റാൻ: വ്യവസ്‌ഥകളോടെ ഇസ്രയേലുമായി സന്ധിക്ക് തയ്യാറെന്ന് ഹിസ്ബുല്ലയുടെ പുതിയ നേതാവ് നയിം ഖാസിം. ഹിസ്ബുല്ലയുടെ ശക്‌തികേന്ദ്രങ്ങളിലെല്ലാം ഇസ്രയേലി സൈന്യം ബോംബാക്രമണം തുടരുന്ന സാഹചര്യത്തിലാണ് വ്യവസ്‌ഥകളോടെ വെടിനിർത്തലിന് തയ്യാറാണെന്ന് ഹിസ്ബുല്ല തലവൻ വ്യക്‌തമാക്കിയത്.
ഇസ്രയേൽ സുരക്ഷാ മന്ത്രാലയം സന്ധിക്കുള്ള ചർച്ചകൾ ത്വരിതപ്പെടുത്തുന്ന ഘട്ടത്തിലാണ് ഹിസ്ബുല്ലയുടെ ഭാഗത്ത് നിന്നുള്ള ഈ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. അക്രമം നിർത്തണമെന്ന് ഇസ്രയേലികൾ തീരുമാനിക്കുകയാണെങ്കിൽ ഞങ്ങളും തയ്യാറാണ്. പക്ഷേ ഞങ്ങളുടെ നിബന്ധനകൾ അവർ അംഗീകരിക്കേണ്ടി വരും. അൽ-ജദീദിന് നൽകിയ അഭിമുഖത്തിൽ നയിം ഖാസിം വ്യക്‌തമാക്കി.
ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹസൻ നസ്‌റല്ല കൊല്ലപ്പെട്ടതോടെയാണ് സായുധ സംഘത്തിന്റെ ഉപമേധാവിയായിരുന്ന നയിം ഖാസിം പുതിയ മേധാവിയായി സ്‌ഥാനമേറ്റത്. ഹിസ്ബുല്ലയുടെ ശക്‌തികേന്ദ്രമെന്ന് അറിയപ്പെടുന്ന ലെബനന്റെ കിഴക്കൻ നഗരമായ ബാൽബെക്കിനെ ലക്ഷ്യമാക്കി ഇസ്രയേൽ അടുത്തിടെ ആക്രമണം കടുപ്പിച്ചിരുന്നു.
കഴിഞ്ഞയാഴ്‌ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മുതിർന്ന ഹിസ്ബുല്ല നേതാവടക്കം നിരവധിപേർ കൊല്ലപ്പെട്ടിരുന്നു. ബാൽബെക്കിൽ മാത്രം ഈ ആഴ്‌ച 19 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ലെബനൻ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.
അതേസമയം, വരും മണിക്കൂറുകളിലോ ദിവസങ്ങളിലോ തന്നെ വെടിനിർത്തലിന് വഴിയൊരുങ്ങുമെന്ന് ശുഭാപ്‌തി വിശ്വാസമുണ്ടെന്ന് ലെബനൻ പ്രധാനമന്ത്രി നജീബ് മിക്കാറ്റി പറഞ്ഞു. യുഎസ് തിരഞ്ഞെടുപ്പ് നടക്കുന്ന നവംബർ അഞ്ചിന് മുമ്പായി വെടിനിർത്തൽ കരാറിൽ എത്തിച്ചേരാനാകുമെന്നാണ് പ്രതീക്ഷയെന്നും നജീബ് മിക്കാറ്റി വ്യക്‌തമാക്കി.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!