മുംബൈ: മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോളുകളിൽ എൻഡിഎ സഖ്യത്തിന് മുന്നേറ്റം. ബിജെപി നേതൃത്വം നൽകുന്ന മഹായുതി സഖ്യത്തിനാണ് മുൻതൂക്കമെന്ന് പോൾ ഡയറി, പി-മാർക്ക്, പീപ്പിൾസ് പൾസ്, മെട്രിസ്, ചാണക്യ സ്റ്റാറ്റജീസ് തുടങ്ങിയവ നടത്തിയ സർവേ പ്രവചിക്കുന്നു.
ജാർഖണ്ഡിൽ പുറത്തുവന്ന ആറ് എക്സിറ്റ് പോളുകളിൽ നാലിലും മുൻതൂക്കം എൻഡിഎ സഖ്യത്തിനാണ്. മെട്രിസ്, പീപ്പിൾസ് പൾസ്, ചാണക്യ സ്റ്റാറ്റജീസ്, ടൈംസ് നൗ, ജെവിസി എന്നിവരാണ് എൻഡിഎ സഖ്യം അധികാരം നേടുമെന്ന് പ്രവചിക്കുന്നത്. ആക്സിസ് മൈ ഇന്ത്യ, പി-മാർക്ക് എന്നിവയുടെ പ്രവചനം അനുസരിച്ച് ഇന്ത്യാ സഖ്യം അധികാരം പിടിക്കും.
മഹാരാഷ്ട്രയിൽ എൻഡിഎ സഖ്യം 152 മുതൽ 160 സീറ്റുവരെ നേടുമെന്നും ഇന്ത്യ സഖ്യം 130 മുതൽ 138 വരെ സീറ്റ് നേടുമെന്നും മറ്റുള്ളവർ പരമാവധി എട്ട് സീറ്റ് നേടുമെന്നുമാണ് ചാണക്യ എക്സിറ്റ് പോൾ ഫലം. മഹായുതി സഖ്യത്തിന് 122 മുതൽ 186 സീറ്റുകൾ പോൾ ഡയറി പ്രവചിക്കുന്നു. ഇന്ത്യാ സഖ്യത്തിന് 69 മുതൽ 121 വരെ സീറ്റ് ലഭിക്കുമെന്നും ഈ ഫലം പറയുന്നു.
പീപ്പിൾസ് പൾസ് ഫലപ്രകാരം എൻഡിഎ 175-195 സീറ്റ് നേടും. ഇന്ത്യാ സഖ്യം 85-112 സീറ്റ് നേടും. ഭാരത് പ്ളസ് ന്യൂസ് ന്യൂസ് സ്റ്റാറ്റ്സ്കോപ് ഫലം പ്രകാരം ബിജെപി 43ഉം ജെഎംഎം 21ഉം സീറ്റ് നേടും. പീപ്പിൾസ് പൾസ് എക്സിറ്റ് പോൾ ഫലം ജാർഖണ്ഡിൽ എൻഡിഎ അധികാരം പ്രവചിക്കുന്നു. 47 സീറ്റാണ് എൻഡിഎക്ക് ലഭിക്കുക. ഇന്ത്യ മുന്നണിക്ക് 31 സീറ്റ് ലഭിക്കുമെന്നും പ്രവചനമുണ്ട്. ജാർഖണ്ഡ് ഇന്ത്യ സഖ്യം തൂത്തുവാരുമെന്നാണ് ആക്സിസ് മൈ ഇന്ത്യ പ്രവചിക്കുന്നത്. ഇന്ത്യ സഖ്യത്തിന് 53 സീറ്റുകൾ വരെ ലഭിച്ചേക്കുമെന്ന് പ്രവചനം പറയുന്നു.
അതേസമയം, പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ 70.51% പോളിങ് രേഖപ്പെടുത്തി. തപാൽ വോട്ട് ഉൾപ്പടെ ചേർക്കുമ്പോൾ അന്തിമഫലത്തിൽ മാറ്റം വന്നേക്കും. ആകെയുള്ള 1,94,706 വോട്ടർമാരിൽ 1,37,302 പേർ വോട്ട് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വയനാട് ലോക്സഭ, ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലെയും മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെയും ഫലം 23ന് പ്രഖ്യാപിക്കും.
Most Read| വവ്വാലുകൾക്കായി സൗന്ദര്യ മൽസരം! അണിനിരക്കുക വിചിത്രമായ പേരുകളുള്ളവ







































