എറണാകുളം: മന്ത്രി സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ച പ്രസംഗത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. മന്ത്രി ഉപയോഗിച്ച വാക്കുകൾ അനാദരവ് ഉള്ളതെന്ന് ഹൈക്കോടതി പറഞ്ഞു. സംസ്‌ഥാന ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
ഭരണഘടനയെ ആക്ഷേപിച്ചു പ്രസംഗിച്ചുവെന്ന ആരോപണം നിലനിൽക്കുന്നതല്ലെന്ന് പൊലീസിന്റെ റിപ്പോർട്ടിൽ പറഞ്ഞുവെങ്കിലും അത് ഹൈക്കോടതി തള്ളിക്കളയുകയായിരുന്നു. ഭരണസ്വാധീനം ഉപയോഗിച്ച് സജി ചെറിയാൻ കേസ് അട്ടിമറിച്ചുവെന്ന് ഹരജിയിൽ ആരോപിക്കുന്നുണ്ട്. പ്രസംഗം വളച്ചൊടിച്ചുവെന്നും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പൊതുപ്രവർത്തകനാണ് താനെന്നും സജി ചെറിയാൻ വിശദീകരിച്ചിരുന്നു.
മജിസ്ട്രേറ്റ് തീരുമാനമെടുത്തത് സാക്ഷിമൊഴികള്‍ പരിഗണിക്കാതെയെന്ന വാദത്തില്‍ ദൃശ്യങ്ങളിലൂടെ സജി ചെറിയാന്റെ പ്രസ്‌താവന വ്യക്‌തമാണെന്ന് ഹൈക്കോടതി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്‌ഥന്റെ റിപ്പോര്‍ട്ട് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അഭിഭാഷകനായ ബൈജു എം നോയല്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്‌റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് വിധി പറഞ്ഞത്.
കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതി വെച്ചു എന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ് ഇതിന്റെ ഉദ്ദേശം എന്നായിരുന്നു വിവാദ പ്രസംഗത്തിലെ ഭാഗം. ഈ പരാമര്‍ശങ്ങള്‍ ഭരണഘടനയെ അവഹേളിക്കുന്നതല്ല എന്ന് എങ്ങനെ പറയാന്‍ കഴിയുമെന്നും ഹൈക്കോടതി നേരത്തെ ചോദിച്ചിരുന്നു.
നിരവധി സാക്ഷികളെ വിസ്‌തരിച്ചതില്‍ നിന്ന് ഭരണഘടനയെ അവഹേളിച്ചതായി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ നേരത്തെ വാദിച്ചത്. 2022 ജൂലൈ മൂന്നിന് പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ സിപിഐഎം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം.
MOST READ | പൊതുനൻമ ചൂണ്ടിക്കാട്ടി എല്ലാ സ്വകാര്യ ഭൂമിയും ഏറ്റെടുക്കാനാവില്ല; സുപ്രീം കോടതി