മുംബൈ: മഹാരാഷ്‌ട്ര, ജാർഖണ്ഡ് സംസ്‌ഥാനങ്ങളിൽ വ്യക്‌തമായ ലീഡ് തുടർന്ന് എൻഡിഎ സഖ്യം. എക്‌സിറ്റ് പോൾ ഫലങ്ങൾ ശരിവെക്കുന്ന സൂചനകളാണ് ആദ്യഘട്ടത്തിൽ പുറത്തുവരുന്നത്. മഹാരാഷ്‌ട്രയിൽ എൻഡിഎ സഖ്യം ബഹുദൂരം മുന്നിലാണ്. ലീഡ് നില പുറത്തുവന്ന 169 മണ്ഡലങ്ങളിൽ 96 സീറ്റുകളിൽ എൻഡിഎ ലീഡ് ചെയ്യുകയാണ്.
ഇന്ത്യാ സഖ്യം 64 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ജാർഖണ്ഡിൽ ലീഡ് നില പുറത്തുവന്നു തുടങ്ങുമ്പോൾ എൻഡിഎ 34 സീറ്റുകളിലും ഇന്ത്യാ സഖ്യം 18 സീറ്റുകളിലുമാണ് മുന്നിൽ. കേവലഭൂരിപക്ഷം മറികടക്കാൻ എൻഡിഎയ്‌ക്ക് ഏതാനും സീറ്റുകളുടെ കുറവ് മാത്രമാണ് ഉള്ളത്. മഹാരാഷ്‌ട്രയിൽ പ്രമുഖ നേതാക്കളെല്ലാം മുന്നിലാണ്.
മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാർ എന്നിവരും മുന്നിലാണ്. 288 സീറ്റുകളിലാണ് സംസ്‌ഥാനത്ത് തിരഞ്ഞെടുപ്പ് നടന്നത്. മഹാരാഷ്‌ട്രയിൽ പ്രധാന നേതാക്കൾക്കെല്ലാം ഈ തിരഞ്ഞെടുപ്പ് നിർണായകമാണ്. തിരഞ്ഞെടുപ്പ് വിജയത്തിന്റെ അടിസ്‌ഥാനത്തിലാകും പാർട്ടികളുടെ നിലനിൽപ്പ്.
ജാർഖണ്ഡിൽ 81 സീറ്റുകളിലാണ് മൽസരം നടന്നത്. മുഖ്യമന്ത്രി ഹേമന്ത് സോറനിലാണ് ഇന്ത്യാ സഖ്യത്തിന്റെ പ്രതീക്ഷ. എന്നാൽ, ആദ്യ ഫലസൂചനകൾ എൻഡിഎക്ക് അനുകൂലമാണ്. പ്രമുഖ നേതാക്കളെല്ലാം ആദ്യഘട്ടത്തിൽ ലീഡ് നേടി. മുഖ്യമന്ത്രി ഹേമന്ത് സോറൻ, ഭാര്യ കൽപ്പന സോറൻ, മുൻ മുഖ്യമന്ത്രിയും ബിജെപി സംസ്‌ഥാന അധ്യക്ഷനുമായ ബാബുലാൽ മറാൻഡി, മുൻ മുഖ്യമന്ത്രിയും ബിജെപി സ്‌ഥാനാർഥിയുമായ ചംപയ് സോറൻ എന്നിവർ മുന്നിലാണ്. ചംപയ് സോറനിലാണ് എൻഡിഎ മുന്നണിയുടെ പ്രതീക്ഷ.
Most Read| കിളിമഞ്ചാരോ കീഴടക്കി മലയാളി പെൺകുട്ടി







































