തൃശൂർ: തൃപ്രയാറിനടുത്ത് നാട്ടികയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന നാടോടി സംഘത്തിനിടയിലേക്ക് തടിലോറി പാഞ്ഞുകയറി അഞ്ചുപേർ മരിക്കാനിടയായ സംഭവം ദൗർഭാഗ്യകരമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ഗതാഗത കമ്മീഷണറുടെ റിപ്പോർട് കിട്ടി. മദ്യ ലഹരിയിലാണ് ക്ളീനർ വണ്ടി ഓടിച്ചത്. ഇയാൾക്ക് ലൈസൻസ് ഉണ്ടായിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
നിയലംഘനം നടത്തിയതിന് രണ്ടുപേർക്കുമെതിരെയും കേസെടുക്കും. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. വാഹനത്തിന്റെ രജിസ്ട്രേഷനും സസ്പെൻഡ് ചെയ്യും. തുടർന്ന് രജിസ്ട്രേഷൻ റദ്ദാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. അപകടശേഷം ഇരുവരും ലോറിയുമായി കടക്കാൻ ശ്രമിച്ചു. ഡ്രൈവറും ക്ളീനറും ഇപ്പോഴും മദ്യലഹരിയിൽ തന്നെയാണെന്നും വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇനിമുതൽ രാത്രികാല പരിശോധന കർശനമാക്കും. രാത്രികാലങ്ങളിൽ വണ്ടികൾ അമിതവേഗതയിലാണ് ഓടിക്കുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള വണ്ടികൾ അമിതവേഗതയിൽ തെറ്റായ ദിശയിലേക്ക് കയറിവരുന്നത് പതിവാക്കിയിട്ടുണ്ട്. റോഡ് സൈഡിൽ കിടക്കുന്നവരെ മാറ്റും. ഇവിടെ കിടന്നുറങ്ങരുതെന്ന് മുന്നറിയിപ്പ് കൊടുത്തിരുന്നു. റോഡ് സേഫ്റ്റി അതോറിറ്റിയുമായി സഹകരിച്ച് കൂടുതൽ ജാഗ്രത പാലിക്കുമെന്നും മന്ത്രി അറിയിച്ചു.
മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള സഹായം പരിഗണനയിലാണ്. ട്രാഫിക്കുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എൻജിഒകളുമായി സഹകരിച്ചുകൊണ്ട് റോഡപകടങ്ങൾ നിയന്ത്രിക്കാനുള്ള പദ്ധതികൾ ആലോചിക്കുന്നുണ്ട്. ട്രാഫിക് ലൈൻ തെറ്റിച്ചാൽ കർശന നടപടിയെടുക്കും.
ഇവിടെ മോട്ടോർ വാഹനവകുപ്പിന് ആവശ്യമായ വണ്ടികളില്ല. ധനവകുപ്പിനോട് നിരന്തരം ആവശ്യപ്പെട്ടിട്ടുണ്ട്. മതിയായ ഉദ്യോഗസ്ഥർ വകുപ്പിലുണ്ട്. പക്ഷേ പല ഓഫീസിലും മിനിമം ഒരു വാഹനം പോലുമില്ല. എന്തിനാണ് വണ്ടി, പഴയ വണ്ടി എന്ത് ചെയ്യും എന്നൊക്കെയാണ് ചോദ്യം. ഇതിനൊക്കെ എന്ത് മറുപടി കൊടുക്കും? മന്ത്രി ചോദിച്ചു.
തൃപ്രയാറിനടുത്ത് നാട്ടികയിൽ ജെകെ തിയേറ്ററിനടുത്ത് ഇന്ന് പുലർച്ചെ നാലുമണിയോടെ ആയിരുന്നു അപകടം. നാടോടി സംഘത്തിനിടയിലേക്ക് തടിലോറി പാഞ്ഞുകയറി ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ചുപേരാണ് മരിച്ചത്. മരിച്ചവരിൽ രണ്ട് കുട്ടികളുമുണ്ട്. പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. കാളിയപ്പൻ (50), നാഗമ്മ (39), ബംഗാഴി (20), ജീവൻ (4), വിശ്വ (1) എന്നിവരാണ് മരിച്ചത്. കണ്ണൂരിൽ നിന്ന് തടി കയറ്റി എറണാകുളത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
Most Read| ജലത്തിൽ തെളിയുന്ന മഴവിൽക്കാഴ്ച; ഈ ചതുപ്പുകാട് മനസിന് കുളിർമയേകും








































