കൽപ്പറ്റ: ബിജെപി വയനാട് മുൻ ജില്ലാ പ്രസിഡണ്ട് കെപി മധു പാർട്ടിവിട്ടു. ബിജെപി സംസ്‌ഥാന നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തിയാണ് മധുവിന്റെ രാജി പ്രഖ്യാപനം. ഉപതിരഞ്ഞെടുപ്പിലെ തോൽവിയുമായി ബന്ധപ്പെട്ട് പാർട്ടിയിൽ വലിയ വിവാദം ഉടലെടുത്തിരിക്കെയാണ് മധുവിന്റെ അപ്രതീക്ഷിത രാജി.
ഒമ്പത് മാസത്തോളമായി ജില്ലാ പ്രസിഡണ്ട് സ്‌ഥാനത്ത് നിന്ന് മധുവിനെ മാറ്റിനിർത്തിയിരിക്കുകയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് മധുവിനെ മാറ്റി പ്രശാന്ത് മലവയലിനെ പ്രസിഡണ്ടായി നിയോഗിച്ചത്. വൈദികർക്കെതിരെ നടത്തിയ പരാമർശമാണ് മധുവിന്റെ സ്‌ഥാനം തെറിക്കാൻ കാരണമായത്. സ്‌ഥാനത്ത് നിന്ന് നീക്കിയ ശേഷം അസുഖ ബാധിതനായപ്പോൾ പാർട്ടിയിലെ ആരും തിരിഞ്ഞു നോക്കിയില്ലെന്നാണ് മധുവിന്റെ ആക്ഷേപം.
”ഗുസ്‌തി കളിക്കാനും ദോസ്‌തി കളിക്കാനും ഗ്രൂപ്പ് കളിക്കാനും ബിജെപിയിൽ നിൽക്കേണ്ട കാര്യമില്ല. ഗ്രൂപ്പ് കളിച്ചും തമ്മിലടിച്ചുമാണ് പാലക്കാട് നശിപ്പിച്ചത്. മാറ്റി നിർത്തിയ ശേഷം അവഗണിക്കുന്ന നിലപാടാണ് സംസ്‌ഥാന നേതൃത്വം സ്വീകരിച്ചത്. ഏഴാംകൂലിയെന്ന നിലയിലാണ് പെരുമാറിയത്. പാർട്ടിയിലെ പ്രശ്‌നങ്ങൾക്ക് സമാധാനം പറയേണ്ട അവസ്‌ഥ കൂടി വന്നു. അതിന്റെ ആവശ്യമില്ല. അതുകൊണ്ട് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെക്കാൻ തീരുമാനിച്ചു”- മധു പറഞ്ഞു.
”കഴിഞ്ഞ പാർലമെന്റ് ഉപതിരഞ്ഞെടുപ്പിൽ പ്രചാരണത്തിനിറങ്ങിയില്ല. എനിക്ക് അതൃപ്‌തിയുണ്ടെന്ന് പാർട്ടി നേതൃത്വത്തിന് അറിയാം. എന്നാൽ, ഇടപെട്ടില്ല. അസുഖമായത് കൊണ്ട് മാറിനിന്നുവെന്ന് നേതൃത്വം വെറുതെ പറഞ്ഞതാണ്. ളോഹ പരാമർശവുമായി ബന്ധപ്പെട്ടാണ് മാറ്റി നിർത്തിയത്.
തിരുവനന്തപുരത്തേക്ക് വിളിച്ചു വിശദീകരണം ആവശ്യപ്പെട്ടു. വിശദീകരണം തൃപ്‌തികരമല്ലെന്നും തിരഞ്ഞെടുപ്പ് വരുന്നതുകൊണ്ട് മാറി നിൽക്കണമെന്നുമായിരുന്നു പറഞ്ഞത്. അതിന് ശേഷം ആരും തിരിഞ്ഞുനോക്കിയില്ല. കോൺഗ്രസും സിപിഎമ്മുമായും ചർച്ച നടക്കുന്നുണ്ട്. വേറെ പാർട്ടിയിൽ ചേരുന്ന കാര്യം ആലോചിച്ചു തീരുമാനിക്കും”- മധു വ്യക്‌തമാക്കി.
പുൽപ്പള്ളി സംഘഷത്തിൽ ബിജെപി പ്രവർത്തകർക്ക് എതിരെ ഏകപക്ഷീയമായാണ് പോലീസ് കേസെടുത്തതെന്നും ളോഹയിട്ട ചിലരാണ് പുൽപ്പള്ളിയിൽ സംഘർഷത്തിന് ആഹ്വാനം ചെയ്‌തതെന്നുമായിരുന്നു കെപി മധുവിന്റെ വിവാദ പ്രസ്‌താവന.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!
































