തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സംസ്‌ഥാന ബിജെപിയിൽ ഉയർന്നുവന്ന ആക്ഷേപങ്ങളിലും തമ്മിലടിയിലും ഇടപെട്ട് കേന്ദ്ര നേതൃത്വം. പരസ്യ പ്രസ്‌താവനകൾ പാടില്ലെന്നും, പരസ്യ പ്രസ്‌താവന നടത്തിയാൽ അച്ചടക്ക ലംഘനമായി കണക്കാക്കുമെന്നുമാണ് നേതൃത്വത്തിന്റെ മുന്നറിയിപ്പ്.
പ്രശ്‌ന പരിഹാരത്തിനായി കേന്ദ്ര നേതൃത്വം കേരളത്തിലെ നേതാക്കളുമായി ചർച്ച നടത്തും. ഉപതിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്‌ഥാനത്തിൽ വിവാദങ്ങൾ വേണ്ടെന്നും നേതൃത്വം സംസ്‌ഥാന നേതാക്കളെ അറിയിച്ചു. ഫലവുമായി ബന്ധപ്പെട്ട് പരാതികൾ ഉണ്ടെങ്കിൽ സംഘടനാ ഘടകങ്ങളിൽ ഉന്നയിക്കണം.
തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രവർത്തനം ശക്‌തമാക്കാനും കേന്ദ്രം നിർദ്ദേശം നൽകി. അതേസമയം, സംസ്‌ഥാന നേതൃത്വത്തെ വിമർശിച്ചു രംഗത്തെത്തിയ മുതിർന്ന നേതാവ് എൻ ശിവരാജനും പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീള ശശിധരനുമെതിരെ നടപടിയെടുക്കുന്നതിൽ പാർട്ടി ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്.
ഇവർക്കെതിരെ നടപടിയെടുത്താൽ പാലക്കാട്ടെ കൗൺസിലർമാർ പാർട്ടി വിടുമോ എന്നാണ് ആശങ്ക. കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ കൗൺസിലർമാരുമായി ആശയവിനിമയം നടത്തുന്നുണ്ടോ എന്നും നേതൃത്വത്തിന് സംശയമുണ്ട്. അതിനിടെ, ബിജെപി സംസ്‌ഥാന നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തി ബിജെപി വയനാട് മുൻ ജില്ലാ പ്രസിഡണ്ട് കെപി മധുവും കഴിഞ്ഞ ദിവസം പാർട്ടിവിട്ടിരുന്നു.
പാലക്കാട്ടെ തോൽവിയിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ശക്‌തമായ ആക്ഷേപങ്ങളും ആരോപണങ്ങളും ഉയരുന്നുണ്ട്. കെ സുരേന്ദ്രൻ മാറുമെന്ന തരത്തിലാണ് പാർട്ടിയിലെ ഒരുവിഭാഗം ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്. എന്നാൽ, തദ്ദേശ തിരഞ്ഞെടുപ്പിൽ സുരേന്ദ്രൻ പാർട്ടിയെ നയിക്കുമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നു.
Most Read| ആറുദിവസം കൊണ്ട് 5,750 മീറ്റർ ഉയരം താണ്ടി; കിളിമഞ്ചാരോ കീഴടക്കി മലയാളി പെൺകുട്ടി