തിരുവനന്തപുരം: കണ്ണൂർ ജില്ലാ കളക്‌ടർ അരുൺ കെ വിജയന് കേന്ദ്ര പരിശീലനത്തിന് പോകാൻ അനുമതി നൽകി സംസ്‌ഥാന സർക്കാർ. ഡിസംബർ രണ്ടുമുതൽ 27 വരെയാണ് കേന്ദ്ര സർക്കാരിന്റെ പരിശീലനം. ഐഎഎസ് ഉദ്യോഗസ്‌ഥർക്കായി കേന്ദ്ര പഴ്‌സണൽ മന്ത്രാലയം നടത്തുന്ന പരിശീലന പരിപാടിയിലാണ് അരുൺ കെ വിജയൻ പങ്കെടുക്കുന്നത്.
സംസ്‌ഥാനത്ത് നിന്ന് ആറ് ഐഎഎസ് ഉദ്യോഗസ്‌ഥർ പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ട്. സെക്രട്ടറി തലത്തിലേക്ക് പ്രമോഷൻ ലഭിക്കാൻ വേണ്ടുന്ന മൂന്നാംഘട്ട പരിശീലന പരിപാടിയാണിത്. എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഉൾപ്പെട്ടിരുന്ന അരുൺ കെ വിജയനെതിരെ അന്വേഷണം നടക്കുന്നതിനിടെയാണ് സർക്കാരിന്റെ നീക്കം.
അദ്ദേഹം തിരിച്ചെത്തി ചുമതല ഏൽക്കുന്നതുവരെ എഡിഎമ്മിന് താൽക്കാലിക ചുമതല നൽകും. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കളക്‌ടർ അരുൺ കെ വിജയന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം ഇന്നലെ രേഖപ്പെടുത്തിയിരുന്നു. അസി. പോലീസ് കമ്മീഷണർ ടികെ രത്‌നകുമാർ, ഇൻസ്‌പെക്‌ടർ ശ്രീജിത്ത് കൊടേരി എന്നിവർ കളക്‌ടറുടെ ക്യാമ്പ് ഓഫീസിൽ എത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.
‘ഒരു തെറ്റുപറ്റി’ എന്ന് എഡിഎം തന്നോട് പറഞ്ഞെന്ന കളക്‌ടറുടെ മൊഴി നേരത്തെ പുറത്തുവന്നിരുന്നു. ഇതിൽ കൂടുതൽ വ്യക്‌തത വരുത്താനാണ് വീണ്ടും മൊഴി രേഖപ്പെടുത്തിയത്. തെറ്റുപറ്റി എന്ന് എഡിഎം തന്നോട് പറഞ്ഞെന്ന കളക്‌ടറുടെ മൊഴിക്കെതിരെ നവീൻ ബാബുവിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യയെ രക്ഷിക്കാൻ കളക്‌ടർ കൂട്ടുനിൽക്കുകയാണെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!







































