തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി നിരക്ക് വീണ്ടും വർധിപ്പിച്ചു. യൂണിറ്റിന് 16 പൈസയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. വർധന ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. അടുത്തവർഷം യൂണിറ്റിന് 12 പൈസ വർധിക്കും. വൈദ്യുതി ബില്ലുകൾ എല്ലാ ഉപയോക്‌താക്കൾക്കും മലയാളത്തിൽ നൽകാൻ കെഎസ്ഇബിക്ക് കമ്മീഷൻ നിർദ്ദേശം നൽകി.
2016ൽ ഇടതു സർക്കാർ അധികാരമേറ്റതിന് ശേഷം അഞ്ചാം തവണയാണ് വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നത്. 2017,2019,2022,2013 എന്നീ വർഷങ്ങളിലും താരിഫ് പരിഷ്‌കരണം നടത്തിയിരുന്നു. വേനൽക്കാലത്ത് പ്രത്യേക നിരക്ക് ഈടാക്കാൻ അനുവദിക്കണമെന്ന കെഎസ്ഇബിയുടെ ആവശ്യം റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചില്ല.
2025-26 വർഷത്തേക്ക് സമ്മർ താരിഫ് ഉൾപ്പടെ യൂണിറ്റിന് 27 പൈസയുടെ നിരക്ക് വർധന മാത്രമേ കമ്മീഷൻ അംഗീകരിച്ചുള്ളൂ. 2026-27 വർഷത്തേക്ക് സമ്മർ താരിഫ് ഉൾപ്പടെ യൂണിറ്റിന് ശരാശരി ഒമ്പത് പൈസയുടെ വർധന ശുപാർശ ചെയ്‌തെങ്കിലും കമ്മീഷൻ പരിഗണിച്ചില്ല. കണക്‌ടഡ് ലോഡിനെ അടിസ്‌ഥാനമാക്കി ഗാർഹിക ഉപയോക്‌താക്കൾക്ക് ഫിക്‌സഡ് ചാർജ് ഏർപ്പെടുത്തണമെന്ന കെഎസ്ഇബി നിർദ്ദേശവും കമ്മീഷൻ തള്ളി.
1000 വാട്ട് കണക്‌ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപഭോഗമുള്ളവരുമായ ദാരിദ്യ്ര രേഖയ്‌ക്ക് താഴെയുള്ള ഗാർഹിക ഉപയോക്‌താക്കൾക്ക് താരിഫ് വർധന ഇല്ല. അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ തുടങ്ങിയവയുടെ താരിഫും വർധിപ്പിച്ചിട്ടില്ല.
Most Read| യുവാവിന്റെ ഫോൺ അടിച്ചുമാറ്റി കുരങ്ങൻ; കോൾ വന്നപ്പോൾ അറ്റൻഡ് ചെയ്‌തു








































